ബൈപ്പാസ് നിർമ്മാണം: മൂടാടി പഞ്ചായത്തിലെ ഗോപാലപുരത്ത് മൂന്ന് വീടുകളിൽ വെള്ളം കയറി. റെയിലിനും ബൈപ്പാസിനുമിടയിലെ 110 വീടുകൾ വെള്ളകെട്ടിൽ; പഞ്ചായത്തിലെ ആറു റോഡുകൾ മുറിഞ്ഞ് സഞ്ചാരയോഗ്യമല്ലാതാകും
മൂടാടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണത്തിനായി ഗോപാലപുരം ചാലി നികത്തിയത് മൂലം മൂന്ന് വീടുകളിൽ വെള്ളം കയറി. തിങ്കളാഴ്ച പെയ്ത മഴയിലാണ് വെള്ളക്കെട്ട് രൂപം കൊണ്ടത്. പുതുവയൽക്കുനി രവീന്ദ്രൻ, പുതുവയൽക്കുനി പ്രേമലത, കോഴിച്ചിറക്കൽ രമേശൻ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഇതിൽ പുതുവയൽക്കുനി രവീന്ദ്രന് വീടൊഴിയേണ്ടി വന്നു. വീട്ടിലേക്ക് വെളളം കയറിയെങ്കിലും മറ്റ് രണ്ട് കുടുംബങ്ങൾ അവിടെത്തന്നെ താമസിക്കുകയായിരുന്നു.
കണ്ണമ്പത്ത് താഴെ പുതുവയൽക്കുനി തോട് നികത്തി മണ്ണിട്ടുയർത്തിയതാണ് ഈ വീടുകളിൽ വെള്ളം കയറാൻ കാരണം. ചാലി പ്രദേശം നികത്തിയാണ് ഇതുവഴി ബൈപ്പാസ് കടന്നു പോകുന്നത്. ഇവിടെ റോഡിന് അഞ്ച് മീറ്ററോളം ഉയരമുണ്ടാകും എന്നാണറിയുന്നത്. ഇതോടെ റെയിലിനും ബൈപ്പാസിനുമിടയിലെ നൂറ്റിപ്പത്തോളം വീടുകളാണ് വെള്ളപ്പൊക്ക ഭീഷണിയിലുള്ളത്. ഈ ഭാഗങ്ങളിലൊന്നും വെള്ളത്തിന് സുഗമമായി കിഴക്കോട്ടൊഴുകി അകലാപ്പുഴയിൽ ചേരുന്നതിന് പര്യാപ്തമായ ജലനിർഗമന സംവിധാനങ്ങൾ ഒരുക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. ഇന്നത്തെ നിലയിൽ മഴക്കാലമാകുന്നതോടെ 110 കുടുംബങ്ങൾക്ക് ഈ മേഖലയിലെ താമസം അസാദ്ധ്യമാകും.
ബൈപ്പാസ് ആരംഭിക്കുന്ന നന്തി മേഖലയിൽ പ്രശ്നങ്ങൾ ഗുരുതരമാണ്. വീരവഞ്ചേരി നന്തി റോഡ്, ശ്രീശൈല ആശാനികേതൻ റോഡ്, ശ്രീശൈലക്കുന്നിലേക്കുള്ള റോഡ്, പുറക്കൽ ബീമംഗലം റോഡ് എന്നിവ മുറിഞ്ഞ് ഇല്ലാതാകും. ബൈപ്പാസിന്റെ സർവ്വീസ് റോഡിലേക്ക് കണക്ഷൻ നൽകും എന്ന് പറയുന്നതല്ലാതെ ഒരുറപ്പും ഇതുവരെ ലഭിച്ചിട്ടില്ല. ഈ മേഖലയിൽ സർവ്വീസ് റോഡ് ഉണ്ടാകുമോ എന്ന കാര്യവും വ്യക്തമല്ല. നാട്ടിൻ പുറങ്ങളിലേക്കുള്ള യാത്രാസംവിധാനങ്ങളാണ് മുറിഞ്ഞ് ഇല്ലാതാകുന്നത്.
സർവ്വീസ് റോഡ് നിർമ്മിക്കുകയും അതുമായി ബന്ധിപ്പിക്കുകയും ചെയ്താൽ പോലും കിലോമീറ്ററുകൾ അധികമായി സഞ്ചരിച്ചാൽ മാത്രമേ ജനങ്ങൾക്ക് സ്വന്തം പ്രദേശത്ത് എത്തിച്ചേരാനാകു. ഒന്നര മുതൽ എട്ടു മീറ്റർ വരെ ഉയരത്തിൽ നിർമ്മിക്കുന്ന ബൈപ്പാസ് റോഡിന്റെ സർവ്വീസ് റോഡുമായി ഈ റോഡുകൾ ബന്ധിപ്പിക്കുക ഉയരവ്യത്യാസം മൂലം എളുപ്പമല്ല. നന്തി പള്ളിക്കര റോഡിൽ നിന്ന് രണ്ട് മീറ്റർ ഉയരത്തിലാണ് ബൈപ്പാസിന്റെ ഓവു ചാൽ നിർമ്മിക്കുന്നത്. വെള്ളം താഴോട്ടൊഴുകി നിറയുന്നത് കാരണം ഈ മേഖലയിലെ കടകമ്പോളങ്ങൾ അടച്ചു പൂട്ടേണ്ടിവന്നേക്കും. ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ തയാറെടുക്കുകയാണ് വ്യാപാരി സംഘടനകൾ.
മൂടാടി ഹിൽ ബസ്സാർ റോഡിൽ അടിപ്പാത പണിത് റോഡ് നിലനിർത്തുമെന്ന് ബന്ധപ്പെട്ടവർ പറയുന്നുണ്ടെങ്കിലും അതിനുള്ള നിർമ്മാണ പ്രവർതനങ്ങളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. ചെയ്നേജ് മാപ്പിനകത്ത് ഇവിടെ അടിപ്പാതയോ മേൽപ്പാതയോ ഒന്നും രേഖപ്പെടുത്തിയിട്ടുമില്ല. ഗോപാലപുരം മൂത്താട്ടിൽ റോഡാണ് മൂടാടി മേഖലയിൽ മുറിഞ്ഞ് ഇല്ലാതാകുന്ന മറ്റൊരു റോഡ്. അതോടൊപ്പം വേലായുധൻ റോഡ് എന്നറിയപ്പെടുന്ന റോഡും ഇപ്പോൾ മണ്ണിട്ട് നികത്തി അടച്ച നിലയിലായി. ജില്ലയിലെ ചരിത്രസ്മാരകങ്ങളി|ലൊന്നായ ഗോപാലപുരം ഗോഖലേ യു.പി സ്കൂളിലേക്കുള്ള എല്ലാ വഴികളും ഇപ്പോൾ അടഞ്ഞ നിലയിലാണ്. പടിഞ്ഞാറ് ഭാഗത്ത് റെയിൽപ്പാത, കിഴക്ക് ഭാഗത്ത് ഉയരത്തിൽ 45 മീറ്റർ വീതിയിൽ ബൈപ്പാസ് റോഡ്, നടുവിൽ വെള്ളക്കെട്ടിൽ അകപ്പെട്ട 110 കുടുംബങ്ങൾ. ഇതാണ് മൂടാടി ഗോപാലപുരത്തെ അവസ്ഥ.