CRIME

ബ്രിട്ടണിലെ മലയാളി നഴ്‌സിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു

ബ്രിട്ടണിലെ മലയാളി നഴ്‌സിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ബ്രിട്ടനിലെ മലയാളി നഴ്സ് അഞ്ജുവിനെ ഭർത്താവ് സാജു, ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്ന് പൊലീസ്. ഇക്കാര്യം വൈക്കത്തുള്ള ബന്ധുക്കളെ അറിയിച്ചു. സാജുവിനെ 72 മണിക്കൂർ കൂടി പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കും. അഞ്ജുവിന്റെ പിതാവ് അശോകനെ ദ്വിഭാഷിയുടെ സഹായത്തോടെ വിളിച്ചാണ് ബ്രിട്ടീസ് പോലീസ് ഇക്കാര്യം കുടുംബത്തെ അറിയിച്ചത്.

ഷാളോ കയറോ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് അഞ്ജുവിനെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അഞ്ജുവിന്റെ ശരീരത്തില്‍ മുറിവുകളുമുണ്ടായിരുന്നു. കസ്റ്റഡിയിലുള്ള ഭര്‍ത്താവിനെതിരേ കൊലക്കുറ്റം ചുമത്തുമെന്നും ബ്രിട്ടീഷ് പോലീസ് അറിയിച്ചിട്ടുണ്ട്.
വൈക്കം മറവന്‍തുരുത്തിനടുത്ത് കുലശേഖരമംഗലം സ്വദേശിനിയായ നഴ്സ് അഞ്ജു, ആറു വയസുകാരന്‍ മകന്‍ ജീവ,നാലു വയസുകാരിയായ മകള്‍ ജാന്‍വി എന്നിവരാണ് മരിച്ചത്. ബ്രിട്ടനിലെ  കെറ്ററിംഗിലെ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു അഞ്ജു. ജോലിക്ക് എത്താഞ്ഞതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്ത് അന്വേഷിച്ചപ്പോള്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോള്‍ രക്തം വാര്‍ന്ന് മരിച്ചു കിടക്കുകയായിരുന്നു അഞ്ജു. കുഞ്ഞുങ്ങള്‍ക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. പിന്നാലെ അഞ്ജുവിന്‍റെ ഭര്‍ത്താവായ കണ്ണൂര്‍ സ്വദേശി സാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മരണകാരണം ബ്രിട്ടീഷ് പൊലീസ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഫോണില്‍ വിളിച്ച് സംസാരിക്കുമ്പോഴെല്ലാം മകള്‍ ദുഖിതയായിരുന്നെന്ന് അ‍ഞ്ജുവിന്‍റെ പിതാവ് പറഞ്ഞു. ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ബ്രിട്ടനില്‍ പോയ സാജുവിന് ജോലി കിട്ടാത്തതിന്‍റെ നിരാശയുണ്ടായിരുന്നു. നാട്ടിലേക്ക് പണം അയക്കാന്‍ കഴിയാത്തതില്‍ അഞ്ജുവും സാജുവും ദുഖിതരായിരുന്നെന്നും അശോകന്‍ പറഞ്ഞു. ഇതൊഴിച്ചു നിര്‍ത്തിയാല്‍ ദമ്പതികള്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി വീട്ടുകാര്‍ക്ക് അറിവില്ല.

അഞ്ജുവിനൊപ്പം കൊല്ലപ്പെട്ട മക്കളായ ജീവയുടെയും ജാന്‍വിയുടെയും മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഇതിനുശേഷം കേസിന്റെ തുടര്‍നടപടികളിലേക്ക് പോലീസ് കടക്കും. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ 30 ലക്ഷത്തോളം ചെലവ് വരുമെന്നും കുടുബത്തെ പോലീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഭീമമായ ഈ ചെലവ് താങ്ങാനാകാത്തതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാരിന്റെ ഇടപെടലാണ് കുടുംബം ആവശ്യപ്പെടുന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button