KERALA

ഭക്തരുടെ ആന പാറമേക്കാവ് രാജേന്ദ്രൻ ചെരിഞ്ഞു

ആനപ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ  പാറമേക്കാവ് ദേവസ്വത്തിന്റെ ആന രാജേന്ദ്രൻ ചെരിഞ്ഞു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അന്ത്യം. 76 വയസായിരുന്നു. 50 വർഷത്തിലധികം തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും പാറമേക്കാവ് രാജേന്ദ്രനെ എഴുന്നള്ളിച്ചിരുന്നു.

 

‘ഭക്തരുടെ ആന’ എന്ന വിശേഷണമുള്ള ആനയാണ് പാറമേക്കാവ് രാജേന്ദ്രൻ. വിശ്വാസികളിൽ നിന്നും നാലായിരത്തോളം രൂപ പിരിച്ചെടുത്താണ് 1955ൽ പാലക്കാട് നിന്ന് രാജേന്ദ്രനെ പാറമേക്കവിലേക്കെത്തിച്ചത്. അന്ന് 12 വയസുള്ള ഈ കൊമ്പൻ തന്നെയാണ് പാറമേക്കവിൽ ആദ്യം നടക്കിരുത്തപ്പെടുന്നതും. പിന്നീടിങ്ങോട്ട് ഭക്തരുടെ ആന എന്ന വിളിപ്പേരുമായി പാറമേക്കാവ് രാജേന്ദ്രൻ പൂരപ്പറമ്പുകൾ കീഴടക്കി.

 

1967ൽ ആദ്യമായി തൃശ്ശൂർ പൂരത്തിന് പങ്കെടുത്ത രാജേന്ദ്രൻ വെടിക്കെട്ടിനെ ഭയമില്ലാതിരുന്ന കൊമ്പൻ കൂടിയാണ്. തൃശ്ശൂർ നഗരത്തിലും പരിസരങ്ങളിലുമുള്ള മുഴുവൻ ക്ഷേത്രോത്സവങ്ങളിലും തിടമ്പേറ്റിയ ആന, 1982ൽ ഏഷ്യാഡിൽ പങ്കെടുത്ത ആനകളിൽ ഒന്നെന്ന അപൂർവ്വതയും സ്വന്തമാക്കിയിട്ടുണ്ട്. പാറമേക്കാവ് ക്ഷേത്രത്തിനടുത്തായാണ് രാജേന്ദ്രന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്നത്. നിരവധി പേരാണ് അന്തിമോപചാരം അർപ്പിക്കുന്നതിനായി എത്തിയത്. സംസ്‌ക്കാര ചടങ്ങുകൾ കോടനാട് നടക്കും.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button