ഭക്ഷണസാധനങ്ങൾ ശുചിമുറിയിൽ; കണ്ണൂർ പിലാത്തറയിലെ കെ സി ഹോട്ടൽ അടച്ചു പൂട്ടി
കണ്ണൂര്‍: ഭക്ഷണസാധനങ്ങൾ ശുചിമുറിയിൽ സൂക്ഷിച്ചെന്ന പരാതി ഉയർന്ന കണ്ണൂർ പിലാത്തറയിലെ കെ.സി ഹോട്ടൽ അടച്ചു പൂട്ടി. ഇവിടെ നിന്നും പഴകിയ ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്തിയ കാസർകോട് സ്വദേശിയായ ഡോക്ടറെ മർദിച്ച കേസിൽ ഹോട്ടൽ ഉടമയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു.
ഇന്നലെ രാവിലെ 10 മണിയോടെയാണ് കാസര്‍കോട് പി.എച്ച്.സിയിലെ ഡോക്ടറും സംഘവും വിനോദയാത്രയ്ക്കായി കണ്ണൂരിലെത്തിയത്. ഹോട്ടലിലെത്തിയ ഡോക്ടര്‍ ശുചിമുറിയില്‍ ഭക്ഷണസാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് കണ്ടു. ഇത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു.
ഇതിനിടെ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെത്തി മൊബൈല്‍ പിടിച്ചു വാങ്ങി. ഹോട്ടല്‍ ജീവനക്കാര്‍ ഡോക്ടറെ മര്‍ദിക്കുകയും ചെയ്തു. ഫോണ്‍ ഡോക്ടര്‍ക്ക് തിരികെ നല്‍കിയിട്ടില്ല. മര്‍ദനമേറ്റ ഡോക്ടറും സംഘവും പരിയാരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ഉടമയായ കെ.സി മുഹമ്മദ് ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.