ഭക്ഷ്യവിഷബാധാ ആരോപണം ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇന്ന് മുതൽ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തും. ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനാണ് പരിശോധന. തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യ സുരക്ഷ, സിവിൽ സപ്ലെയ്സ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. പാചകപ്പുര, പാത്രങ്ങൾ, വാട്ടർ ടാങ്ക്, ടോയ്ലറ്റുകൾ, ഉച്ചഭക്ഷണ സാമഗ്രികൾ തുടങ്ങിയവ പരിശോധിക്കും. വെള്ളിയാഴ്ച ദിവസങ്ങൾ കൊതുകിന്റെ ഉറവിട നശീകരണ ദിനമായി ആചരിക്കും. വിദ്യാർത്ഥികൾക്കും പാചക തൊഴിലാളികൾക്കും ശുചിത്വ ബോധവത്കരണം നൽകും.
ഭക്ഷ്യവിഷബാധ ആരോപണം ഉയർന്ന തിരുവനന്തപുരം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലെ സ്കൂളുകളുടെ സാമ്പിൾ പരിശോധനാഫലം അഞ്ചു ദിവസത്തിനകം ലഭ്യമാക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ഭക്ഷ്യ മന്ത്രി ജി ആർ അനിലും ഇന്ന് ഉച്ചഭക്ഷണം കഴിക്കുന്നത് പൊതു വിദ്യാലയത്തിൽ നിന്നാണെന്ന് അറിയിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർ കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കാൻ എത്തണമെന്ന് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചിട്ടുണ്ട്.
Comments