ഭരണഘടക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: ഭരണഘടക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാൻ. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് മന്ത്രി വിമർശിച്ചു. ആര് പ്രസംഗിച്ചാലും അത് മികച്ചതാണെന്ന് താൻ സമ്മതിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.ആര് പ്രസംഗിച്ചാലും ഇന്ത്യൻ ഭരണഘടന മികച്ചതാണെന്ന് ഞാൻ സമ്മതിക്കില്ല. മതേതരത്വം, ജനാധിപത്യം എന്നിവ എഴുതിവച്ചിട്ടാല്ലാതെ മറ്റൊന്നും ഭരണഘടനയിലില്ല. ബ്രിട്ടീഷുകാർ പറയുന്നതിനനുസരിച്ച് ചിലർ എഴുതിയതാണ് ഇന്ത്യൻ ഭരണഘടന-മന്ത്രി വിമർശിച്ചു.
”മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് ഞാൻ പറയും. ബ്രിട്ടീഷുകാർ തയാറാക്കിക്കൊടുത്തൊരു ഭരണഘടന ഇന്ത്യക്കാർ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു. ആരു പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. അതിൽ കുറച്ച് ഗുണങ്ങളൊക്കെ, മുക്കിലും മൂലയിലുമൊക്കെയുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തവും കൊടച്ചക്രവുമൊക്കെ അതിന്റെ മൂലയിൽ എഴുതിവച്ചിട്ടുണ്ട്. പക്ഷെ, കൃത്യമായി കൊള്ളയടിക്കാൻ പറ്റിയതാണ്.”- സജി ചെറിയാന്‍ പറഞ്ഞു.
തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത നാടാണ് ഇന്ത്യ. 1957ല്‍ ഇവിടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം തീരുമാനിച്ച കാര്യം തൊഴില്‍ നിയമങ്ങള്‍ സംരക്ഷിക്കണം, തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കണമെന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന സി.പി.എം പരിപാടിയിലാണ് മന്ത്രിയുടെ പരാമർശം. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം എന്ന പേരിൽ മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഫേസ്ബുക്ക് രാഷ്ട്രീയ വിശകലന പരിപാടി നൂറു ലക്കം പിന്നിട്ടതിന്റെ ആഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സജി ചെറിയാൻ. ജൂണ്‍ മൂന്നിന് മല്ലപ്പള്ളി ഗാന്ധി പ്ലാസ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സംസ്ഥാന സമിതി അംഗം രാജു എബ്രഹാം, ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി. തോമസ് എം.എല്‍.എ, പ്രമോദ് നാരായണ്‍ എം.എല്‍.എ തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.