CRIME

ഭാര്യയുമായി കലഹം; മകനെ കൊല്ലാൻ ശ്രമം: പിഞ്ചുമകളെ പിതാവ് ടാങ്കിൽ മുക്കിക്കൊന്നു

നാഗർകോവിൽ∙ ഭാര്യയുമായുണ്ടായ തർക്കത്തെത്തുടർന്നു യുവാവ് മൂന്നു വയസ്സുള്ള മകളെ വീട്ടിൽ ടാങ്കിലെ വെള്ളത്തിൽ മുക്കി കൊന്നു.  കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചതിനെത്തുടർന്ന് ആറു വയസ്സുകാരനായ മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ഇയാൾ ഒളിവിലാണ്. പണയം വച്ച ആഭരണം എടുത്തു കൊടുക്കാത്തതിനെച്ചൊല്ലിയുണ്ടായ വഴക്കിനെത്തുടർന്നാണു ക്രൂരത

അഞ്ചുഗ്രാമത്തിനു സമീപം മയിലാടി മാർത്താണ്ഡപുരം സ്വദേശി ചെന്തിൽകുമാറാണു ഭാര്യ രാമലക്ഷ്മിയുമായുള്ള കലഹത്തെത്തുടർന്ന് എൽകെജി വിദ്യാർഥിനിയായ മകൾ സഞ്ചനയെ കൊലപ്പെടുത്തിയത്. മകൻ ശ്യാം സുന്ദറാണ് ആശുപത്രിയിലുള്ളത്. ഒന്നര ലക്ഷം രൂപയ്ക്കു ബാങ്കിൽ പണയം വച്ച ആഭരണങ്ങൾ  തിരിച്ചെടുത്ത് തരാത്തതിനെച്ചൊല്ലി ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി.

 

ഇതെത്തുടർന്ന ചെന്തിൽകുമാർ പുറത്തേക്കു പോയി കുറച്ചുകഴിഞ്ഞാണു സമീപത്തെ ബന്ധുവീടിനു മുന്നിൽ  കഴുത്തിൽ കയർ മുറുകിയ നിലയിൽ അബോധാവസ്ഥയിൽ മകനെ കണ്ടെത്തുന്നത്. ചെന്തിൽ കുമാർ മകനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണു പൊലീസ് പറഞ്ഞത്. ബന്ധുവീട്ടിൽ നിന്നു ചെന്തിൽകുമാർ മകനെ കൂട്ടിക്കൊണ്ടുപോകുന്നതു സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ പൊലീസ് കണ്ടെത്തിയിരുന്നു.

 

അടിയന്തര ചികിൽസയ്ക്കായി മകനെ നാഗർകോവിലിലുള്ള  സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയ രാമലക്ഷ്മി  വീട്ടിലുള്ള മകളെ നോക്കണമെന്നു സമീപവാസികളോടു ഫോണിൽ വിളിച്ചു പറഞ്ഞു. സമീപവാസികളെത്തുമ്പൊഴേക്കും ചെന്തിൽകുമാർ വീടു പൂട്ടി സ്ഥലം വിട്ടിരുന്നു. പരിഭ്രാന്തയായ രാമലക്ഷ്മി ആശുപത്രിയിൽ നിന്നെത്തി സമീപവാസികളുടെ സഹായത്തോടെ പിൻവാതിൽ തകർത്തു വീട്ടിനുള്ളിൽ കയറിയപ്പൊഴാണു വെള്ളം നിറച്ച ടാങ്കിൽ സഞ്ചനയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button