DISTRICT NEWS

ഭിന്നശേഷിക്കാർക്കായുള്ള പ്രവർത്തനങ്ങളിൽ ജനകീയ പങ്കാളിത്തം ഉണ്ടാകണം മന്ത്രി ടി പി രാമകൃഷ്ണൻ

സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തം ഉണ്ടാകണമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളും സേവനങ്ങളും ഉണ്ടാകണം ഇതിനായി സര്‍ക്കാരിനും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമൊപ്പം ജനങ്ങളും സഹകരിക്കണം, ഇത്തരം മനുഷ്യത്വ പരമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കണം എന്നും മന്ത്രി പറഞ്ഞു. മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച ബഡ്‌സ് സ്‌കൂള്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപയും നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഫണ്ടില്‍ നിന്ന് 20 ലക്ഷവും കുടുംബശ്രീ നല്‍കിയ 25 ലക്ഷം രൂപയും ചിലവഴിച്ചാണ് ബഡ്‌സ് സ്‌കൂള്‍ കെട്ടിടത്തിന് പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരായ 16 കുട്ടികളാണ് സ്‌കൂളില്‍ പ്രവേശനം നേടിയത്. ബഡ്‌സ് സ്‌കൂളിലെ സുഗമമായ പ്രവര്‍ത്തനത്തിനായി കുട്ടികളെ രാവിലെ സ്‌കൂളിലെത്തിക്കാനും വൈകീട്ട് തിരികെ വീട്ടിലെത്തിക്കാനും വാഹനസൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍, ആയ, പാചകക്കാരി എന്നിവരെയും നിയമിച്ചു. വികസന മാനേജ്മെന്റ് കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. സമീപ പഞ്ചായത്തിലെ കുട്ടികള്‍ക്കും പ്രവേശനം നല്‍കും. ബാലുശ്ശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടി അധ്യക്ഷനായി. അസിസ്റ്റന്റ് എന്‍ജിനീയര്‍ രഞ്ജു പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി അച്ചുതന്‍ മാസ്റ്റര്‍, മെമ്പര്‍മാരായ ടി വി സുധാകരന്‍, സൗദ കെ കെ, ഷൈമ കെ കെ, സി കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, പി കുമാരന്‍, കൃഷ്ണദാസ്, പി വി സമീറ, മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യശോദ തെങ്ങിട സ്വാഗതവും ബഡ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം എം രേഷ്മ നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button