ഭിന്നശേഷി മേഖലയിൽ അഭയത്തിന്റെ സേവനം അഭിനന്ദനാർഹം; കെ മുരളീധരൻ എം പി
ചേമഞ്ചേരി :ഭിന്നശേഷി മേഖലയിൽ കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ട് കാലമായി അഭയം ചേമഞ്ചേരി നല്കിവരുന്ന സേവനം അഭിനന്ദനാർഹമാണെന്ന് ശ്രീ കെ മുരളീധരൻ എം പി പറഞ്ഞു. ഭിന്ന ശേഷിക്കാരെ ചേർത്തു നിർത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ് . അവർക്ക് ആവശ്യം അനുകമ്പയല്ലന്നും അനുതാപമാണെന്നും എം പി സൂചിപ്പിച്ചു. അഭയത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും സർവ്വവിധ പിന്തുണയും ഉണ്ടാകുമെന്നും ശ്രീ മുരളീധരൻ എം.പി അറിയിച്ചു.
അഭയം സ്പെഷൽ സ്കൂൾ ഇരുപത്തി നാലാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭയം പ്രസിഡണ്ട് ശ്രീ എം.സി മമ്മദ് കോയ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എം.പി ശിവാനന്ദൻ മുഖ്യഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ശ്രീമതി സിന്ധു സുരേഷ്, ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി ഗീത മുല്ലോളി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കൊയിലാണ്ടി കൂട്ടം ബഹ്റൈൻ ചാപ്റ്റർ അഭയത്തിന് നൽകിയ രണ്ട് വീൽ ചെയർ ഖത്തർ ചാപ്റ്റർ ചെയർമാൻ ഫൈസൽ മൂസ്സയിൽ നിന്നും എം.പി ഏറ്റുവാങ്ങി. ജനറൽ സിക്രട്ടറി മാടഞ്ചേരി സത്യനാഥൻ സ്വാഗതവും പി.ടി.എ. വൈസ് പ്രസിഡണ്ട് ശ്രീമതി രാജി ബാബു നന്ദിയും പ്രകാശിപ്പിച്ചു.