Uncategorized

മങ്കിപോക്‌സ്: രോഗി സഞ്ചരിച്ച കാറിന്റെയും ഓട്ടോറിക്ഷകളുടെയും ഡ്രൈവര്‍മാരെ കണ്ടെത്തി

തിരുവനന്തപുരം: മങ്കിപോക്സ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തിയ കൊല്ലം ഡി.എം.ഒ. ഓഫീസിലെ ജീവനക്കാര്‍ക്കെതിരേ കടുത്ത നടപടി ഉണ്ടായേക്കും. ഡി.എം.ഒ. ഓഫീസിലെ പ്രധാന ജീവനക്കാര്‍ക്കെതിരേ സ്ഥലംമാറ്റമോ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികളോ സ്വീകരിച്ചേക്കും. ഇതിനിടെ മങ്കിപോക്‌സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച രണ്ട് ഓട്ടോറിക്ഷയുടെ ഡ്രൈവര്‍മാരേയും കാറിന്റെ ഡ്രൈവരേയും കണ്ടെത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് രോഗി കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സഞ്ചരിത്ത് കാറിന്റെ ഡ്രൈവറെ കണ്ടെത്തിയത്. രോഗി നല്‍കിയ വിവരങ്ങളിലെ അവ്യക്തത മൂലമാണ് ഡ്രൈവറെ കണ്ടെത്താന്‍ വൈകിയതെന്നാണ് സൂചന.

മങ്കിപോക്സ് സ്ഥിരീകരിച്ച യുവാവ് വീട്ടില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് വന്നതും പോയതും ഒരു ഓട്ടോയിലാണെന്നാണ് ഇന്നലെ ഡിഎംഒ ഓഫീസ് അറിയിച്ചിരുന്നത്. എന്നാല്‍, ഇദ്ദേഹം ആശുപത്രിയിലേക്ക് എത്തിയത് ഒരു ഓട്ടോയിലും തിരികെ പോയത് മറ്റൊരു ഓട്ടോയിലുമാണെന്ന് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ വലിയ വീഴ്ച ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്നാണ് വിലയിരുത്തല്‍.
രോഗിക്ക് മങ്കിപോക്‌സാണെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ സംശയം പ്രകടിപ്പിക്കുകയും ഡിഎംഒ ഓഫീസിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആസമയത്ത് പോലും വേണ്ട ജാഗ്രത പുലര്‍ത്താന്‍ ഡിഎംഒ ഓഫീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇക്കാര്യങ്ങളിലെല്ലാം തന്നെ സംസ്ഥാനത്തെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ക്കടക്കം കടുത്ത അതൃപ്തിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.എം.ഒ. ഓഫീസിലെ ജീവനക്കാര്‍ക്കെതിരേ നടപടിക്ക് ഒരുങ്ങുന്നത്.
ഇതിനിടെ, സംസ്ഥാനത്തെ മങ്കിപോക്‌സ് പ്രതിരോധ പ്രവർത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് സന്ദര്‍ശനം ആരംഭിക്കും. രോഗം സ്ഥിരീകരിച്ച യുവാവ് കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന സംഘം ഡോക്ടര്‍മാരുമായും ആരോഗ്യപ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തും. ആരോഗ്യ കുടുംബക്ഷേമ കോഴിക്കോട് മേഖലാ അഡൈ്വസര്‍ ഡോ. പി. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ചികിത്സാകാര്യങ്ങളിലുള്‍പ്പെടെ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.

സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും സംഘം ചര്‍ച്ച നടത്തും. ന്യൂഡല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളി(എന്‍.സി.ഡി.സി)ലെ ജോയിന്റ് ഡയറക്ടര്‍ ഡോ. സാങ്കേത് കുല്‍ക്കര്‍ണി, ഡോ.ആര്‍.എം.എല്‍ ആശുപത്രിയിലെ മൈക്രോബയോളജി വകുപ്പിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരവിന്ദ് കുമാര്‍ അച്ഛ്റ, ഡെര്‍മറ്റോളജിസ്റ്റ് ഡോ. അഖിലേഷ് തോലേ എന്നിവര്‍ക്ക് പുറമേ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് കേന്ദ്രസംഘം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button