‘മടിത്തട്ട്’ വയോജനപരിപാലനകേന്ദ്രത്തിൽ ടെലി മെഡിസിൻ 26-ന് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: ‘യു.എൽ. കെയർ മടിത്തട്ടി’ൽ വയോജനങ്ങൾക്ക് ഇനി അതിവിദഗ്ദ്ധവൈദ്യസേവനവും. വിവിധ സ്പെഷ്യാലിറ്റികളിലെ അതിവിദഗ്ദ്ധഡോക്റ്റർമാരുടെ ഓൺലൈൻ ചികിത്സാസൗകര്യമൊരുക്കി ടെലിമെഡിസിൻ പദ്ധതിക്ക് റിപ്പബ്ലിക് ദിനത്തിൽ തുടക്കമാകും. ആരോഗ്യ, സാമൂഹികനീതി മന്ത്രി കെ.കെ. ശൈലജട്ടീച്ചർ ഉച്ചയ്ക്കു രണ്ടിന് പദ്ധതി ഉദ്ഘാടനം ചെയ്യും.
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ സാമൂഹികഷേമവിഭാഗമായ യു.എൽ. ഫൗണ്ടേഷനുകീഴിൽ പ്രവർത്തിച്ചുവരുന്ന സമഗ്ര വയോജനപരിപാലനകേന്ദ്രമാണ് യു.എൽ. കെയർ മടിത്തട്ട്. വിദഗ്ദ്ധചികിത്സ വേണ്ട വയോജനങ്ങൾക്ക് കോവിഡിന്റെ സാഹചര്യത്തിൽ ആശുപത്രികൾ സുരക്ഷിതമല്ല എന്നതു പരിഗണിച്ചാണ് ഇവിടെ ടെലിമെഡിസിൻ പദ്ധതി നടപ്പാക്കുന്നത്. കോവിഡിനുശേഷവും ഇതു തുടരും.
ജനറൽ മെഡിസിൻ, കാർഡിയോളജി, ഓങ്കോളജി, എൻഡോക്രിനോളജി, യൂറോളജി, ന്യൂറോളജി, ഗ്യാസ്റ്റ്രോഎന്ററോളജി, നെഫ്രോളജി, ഡെർമറ്റോളജി, വാസ്കുലാർ സർജറി, ഡയബറ്റോളജി, ഗൈനക്കോളജി, ആൻഡ്രോളജി, ഹെപറ്റോളജി, പീഡിയാട്രി, ജെറിയാട്രിക് സൈക്യാർട്രി എന്നീ വിഭാഗങ്ങളിലെ സ്പെഷ്യലിസ്റ്റുകളുടെ സേവനമാണ് ഇപ്പോൾ ഇതിലൂടെ ലഭ്യമാക്കുന്നത്.
സ്വന്തമായി അഞ്ചു സ്റ്റാഫുള്ള ലാബും നീതി മെഡിക്കൽ സ്റ്റോറും ഡോക്റ്ററും നഴ്സും ഒക്കെയുള്ള മടിത്തട്ടിലെ അന്തേവാസികളുടെ ആരോഗ്യപ്രശ്നങ്ങളും പരിശോധനാഫലങ്ങളും ഇവരുടെ സഹായത്തോടെ വിദഗ്ദ്ധഡോക്റ്റർമാർക്കു കൈമാറാനും രോഗമുള്ളവർക്ക് ഡോക്റ്റർമാരുമായി നേരിട്ട് ആശയവിനിമയം നടത്താനും എല്ലാമുള്ള ആധുനികസംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
സി. കെ. നാണു എം.എൽ.എ. അദ്ധ്യക്ഷനാകുന്ന ഉദ്ഘാടനച്ചടങ്ങിൽ മടിത്തട്ടിന്റെ വെബ്‌സൈറ്റ് വടകര ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് ശശികല ദിനേശനും മൊബൈൽ ആപ്പ് ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്തും ഉദ്ഘാടനം ചെയ്യും.