മണിയൂരിൽ സമഗ്ര ആരോഗ്യ, കായികപദ്ധതിക്കും, ടൂറിസത്തിനും കൂടുതൽ പരിഗണന
പതിനാലാം പഞ്ചവത്സര പദ്ധതി 2022 – 23 വാർഷിക പദ്ധതി പ്രകാരം മണിയൂരിൽ സമഗ്ര ആരോഗ്യ കായിക പദ്ധതിക്കും ടൂറിസത്തിനും കൂടുതൽ പരിഗണന നൽകും. മണിയൂർ പഞ്ചായത്തിലെ വികസന സെമിനാർ കില ഫാക്കൽറ്റി പി.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന വികസന സെമിനാറിൽ 12 കോടി 86 ലക്ഷം രൂപയുടെ 106 പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്.
കൃഷിക്കും അനുബന്ധ മേഖലയ്ക്കും 75 ലക്ഷം, മൃഗസംരക്ഷണം, ക്ഷീര വികസനം എന്നീ മേഖലയ്ക്ക് 30 ലക്ഷം, ലൈഫ് ഭവനപദ്ധതിക്ക് മൂന്ന് കോടി 49 ലക്ഷം, ജന്റർ, ശിശു വികസനത്തിന് ഒരു കോടി 10 ലക്ഷം, സാമൂഹ്യ നീതിക്ക് 50 ലക്ഷം, സമഗ്ര ആരോഗ്യ കായിക പരിപാടിക്ക് ഒരു കോടി, ടൂറിസം വികസനത്തിന് 1.5 കോടി എന്നിങ്ങനെയാണ് പദ്ധതി വിഹിതം.
ചടങ്ങിൽ മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ് അധ്യഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ശശിധരൻ മാസ്റ്റർ വികസന രേഖ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ജയപ്രഭ, അസിസ്റ്റന്റ് സെക്രട്ടറി ഗംഗാധരൻ, മാനോജ് കൊയപ്ര തുടങ്ങിയവർ സംസാരിച്ചു.