AGRICULTUREKERALA

മണ്ണിനെ അറിയാം.

കൃഷി ചെയ്യാൻ ഇറങ്ങും മുൻപ് മണ്ണിനെ അറിയണം. കേരളത്തിലെ മണ്ണ് മുഖ്യമായി എട്ടുതരമാണ്. അനസ് നാസർ എന്ന യുവ കർഷകൻ താൻ പരിചയപ്പെട്ട മണ്ണിനെ ഇങ്ങിനെ വിവരിക്കുന്നു.

തീരദേശ മണ്ണ്, എക്കൽ മണ്ണ്, വെട്ടുകൽ മണ്ണ്, കറുത്ത പരുത്തി മണ്ണ്, കരിമണ്ണ്, ചെമ്മണ്ണ്, മലയോര മണ്ണ്, വനമണ്ണ് എന്നിവയാണിവ. ഓരോ തരം മണ്ണും കൃഷിക്കായി രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്.

തീരദേശ മണ്ണ്: ഇതിനെ മണൽ മണ്ണ് എന്നും പറയും. കേരളത്തിലെ പടിഞ്ഞാറൻ സമുദ്രതീരത്തും അതിനോട് ചേർന്നു കിടക്കുന്ന സമതല പ്രദേശങ്ങളിലും ഈ മണ്ണ് കാണപ്പെടുന്നു. ഇതിൽ 80 ശതമാനത്തിലധികം മണലായതിനാൽ ജലസംഭരണ ശേഷിയും ഫലപുഷ്ടിയും കുറവാണ് . ധാരാളം ജൈവവളം ചേർത്താൽ വിളകൾ വളർത്താം. മണൽ മണ്ണിൽ ചെളി കലർന്ന മണ്ണ് ചേർക്കുന്നത് നല്ലതാണ്. ചകിരിത്തൊണ്ട്, ചകിരിച്ചോറ് എന്നിവ ചേർക്കാം. വേനലിൽ തുള്ളി നന നൽകണം. രാസവളമാണെങ്കിൽ പല തവണകളായി ചേർക്കണം. തെങ്ങ് , കശുമാവ് എന്നിവയ്ക്കു പുറമേ വ്യത്യസ്ത ഫലവൃക്ഷങ്ങളും നടാൻ നല്ല മണ്ണാണിത്. നല്ല മഴയുള്ള അവസരങ്ങളിൽ ഇത്തരം മണ്ണിൽ വളം ചേർക്കരുത് .

എക്കൽ മണ്ണ്: നദിയോരങ്ങളിലും അതിനടുത്തുള്ള സമതല പ്രദേശങ്ങളിലുമുള്ള മണ്ണാണിത്. നല്ല ജൈവാംശമുള്ള ഇതിൽ കളിമണ്ണ് കൂടുതലുണ്ട്. നല്ല ഫലപുഷ്ടിയുള്ള എക്കൽ മണ്ണിൽ നെല്ല്, തെങ്ങ്, വാഴ, പച്ചക്കറി വിളകൾ എന്നിവ കൃഷി ചെയ്യാം. മഴക്കാലമായാൽ നല്ല വെള്ളക്കെട്ടും വേനലിൽ മണ്ണ് വറ്റിവരണ്ട് വിണ്ടു കീറാനും സാധ്യതയേറെയാണ്. നല്ലവണ്ണം സംരക്ഷിച്ചില്ലെങ്കിൽ മണ്ണൊലിച്ച് നാശമാകും. നല്ല നീർവാർച്ചയുണ്ടാക്കി മണ്ണു സംരക്ഷണ മാർഗങ്ങൾ സ്വീകരിക്കണം .

വെട്ടുകൽ മണ്ണ്: ഈ മണ്ണിനെ ചരൽ മണ്ണ്, ലാറ്ററൈറ്റ് മണ്ണ് എന്നെല്ലാം പറയും. നമ്മുടെ നാട്ടിൽ ഏറ്റവും അധികം സ്ഥലങ്ങളിലുള്ള മണ്ണാണിത്. ചരലധികമായതും പശിമരാശി മണ്ണുമായ ലാറ്ററൈറ്റിന് അമ്ലത്വമേറെയാണ്. കുറഞ്ഞ ധന വിനിമയ ശേഷിയുള്ള മണ്ണായതിനാൽ സസ്യാഹാര മൂലകങ്ങളുടെ ലഭ്യത കുറയും. ഇരുമ്പിന്റെയും അലുമിനിയത്തിന്റെയും അംശമേറിയതിനാൽ അമ്ലത്വവും ചരലംശവും കൂടും. നല്ല രീതിയിൽ സസ്യാവരണം എല്ലായ്‍പ്പോഴും നില നിർത്തിയാൽ ലാറ്ററൈറ്റ് മണ്ണ് നന്നാക്കാം. കുമ്മായം ചേർക്കണം. പുതയിടീലും സമീകൃത വളപ്രയോഗവും വേനലിലെ നനയും മണ്ണിനെ നന്നാക്കും. തെങ്ങ്, വാഴ, കുരുമുളക്, കശുമാവ്, മരച്ചീനി, കൈതച്ചക്ക ഇവയെല്ലാം നടാം .

കറുത്ത പരുത്തി മണ്ണ്: പാലക്കാട്ടെ ചിറ്റൂർ താലൂക്കിലെ കിഴക്കൻ പ്രദേശങ്ങളിൽ മാത്രമുള്ള ക്ഷാരഗുണമുള്ള മണ്ണാണിത്. ഇത് കളിമണ്ണാണ്. കടുപ്പമേറിയ നല്ല കറുത്ത നിറമുള്ള മണ്ണിൽ പൊട്ടാസ്യം, കാത്സ്യം എന്നിവയധികമാണ്. വരൾച്ചയായാൽ വീണ്ടു കീറുന്ന ഈ മണ്ണ് നീർവാർച്ചയില്ലാത്തതാണ്. കരിമ്പ്, നെല്ല്, പരുത്തി, നിലക്കടല എന്നിവ കൃഷി ചെയ്യാം.

കരിമണ്ണ്: കുട്ടനാടൻ നെൽപ്പാടങ്ങൾ കാണുന്ന ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ സമുദ്രനിരപ്പിൽ നിന്ന് താഴെയായി കാണുന്ന മണ്ണാണിത്. ഇത്തരം മണ്ണിൽ നെൽകൃഷിയാണ് ഉത്തമം. സൾഫർ, (ഗന്ധകം) അയേൺ സൾഫൈഡ് എന്നിവ കൂടിയ തോതിലുള്ള കരിമണ്ണിൽ ഭാവഹം കാത്സ്യം എന്നിവ കുറവാണ്. വെള്ളം കയറിയിറക്കിയ ശേഷമേ കൃഷിയിറക്കാവൂ. സമീകൃത വളപ്രയോഗവും കുമ്മായമിടലും വേണം. ഇത്തരം മണ്ണ് ഒരു കാരണവശാലും ഉണങ്ങി വരളാൻ പാടില്ല. ഇത് അമ്ലത്വം കൂട്ടും. നല്ല ജൈവാംശമുള്ള മണ്ണാണിത്.

ചെമ്മണ്ണ്: കേരളത്തിൽ തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിൽ ഏറെ കാണുന്ന ചെമ്മണ്ണിൽ അമ്ലത്വമേറെയാണ്. മണൽ കലർന്ന പശിമരാശി മണ്ണാണിത്. മണ്ണൊലിപ്പ് സാധ്യത ഏറെയുണ്ട്. കുറഞ്ഞ ഫലപുഷ്ടിയാണുള്ളത്. മണ്ണിൽ കുമ്മായമിടണം. സമീകൃത വളപ്രയോഗം നിർബന്ധമാണ് . തെങ്ങ്, വാഴ, കുരുമുളക്, കശുമാവ്, ഇവയ്ക്കു പുറമേ വ്യത്യസ്ത പച്ചക്കറി വിളകൾ നടാം .

മലയോര മണ്ണ് : കേരളത്തിൻ്റെ കിഴക്കൻ ഭാഗത്ത് ചരിവു കൂടിയ പ്രദേശങ്ങളിൽ കണ്ടു വരുന്ന മലയോര മണ്ണിൽ ഉരുണ്ട പാറകൾ കാണും. വെട്ടുകൽ മണ്ണിന്റെയത്രയ്ക്ക് അമ്ലത്വമില്ല. ചരലിന്റെ അംശവും വെട്ടുകല്ലിനേക്കാൾ കുറവാണിതിൽ. സാമാന്യം നല്ല താഴ്ചയും നല്ല നീർവാർച്ചയുമുള്ള മലയോര മണ്ണിൽ താഴ്ന്ന ജലനിരപ്പും കൂടിയ മണ്ണൊലിപ്പും പ്രശ്നമായതിനാൽ ശരിയായ വിധത്തിൽ മണ്ണു സംരക്ഷണമാവശ്യമാണ്. ഇത്തരം മണ്ണിൽ ജലസംഭരണികൾ ‘മഴക്കുഴികൾ’ എന്നിവയുണ്ടാക്കണം. റബ്ബർ, തെങ്ങ്, കുരുമുളക്, കൈതച്ചക്ക, കശുമാവ്, പഴവിളകൾ, തേയില, കാപ്പി ഇവയെല്ലാം ഈ മണ്ണിൽ കൃഷി ചെയ്തു വരുന്നു.

വന മണ്ണ്: വനമേഖലയിൽ കാണപ്പെടുന്ന മണ്ണാണിത്. ഇത് നാടിൻ്റെ ജൈവ വൈവിധ്യം സംരക്ഷിച്ചു നിർത്താൻ മുഖ്യ പങ്കുവഹിച്ചു വരുന്നുണ്ട്. നല്ല ആഴവും ഫലപുഷ്ടിയുമുള്ള ഇതിന് നല്ല നീർവാർച്ചയുമുണ്ട് . ഈ മണ്ണിൽ വ്യത്യസ്ത സസ്യങ്ങൾ സ്ഥിരമായി നിലനിർത്താൻ ശ്രദ്ധിക്കണം . വനനശീകരണം നിമിത്തം മണ്ണൊലിപ്പ് വരാൻ സാധ്യതയുള്ള മണ്ണാണിത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button