Uncategorized

മത്സ്യത്തൊഴിലാളികളുടെ മക്കളുടെ പേരില്‍ തട്ടിപ്പ് നടത്തിയ കൊയിലാണ്ടി നഗരസഭ ഭരണമുന്നണി രാജിവെക്കണം

കൊയിലാണ്ടി : മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളില്‍ വെട്ടിപ്പ് നടത്തിയ കൊയിലാണ്ടി നഗരസഭ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നും നഗരസഭ ഭരണമുന്നണി രാജിവെക്കണമെന്നും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ ഫര്‍ണിച്ചര്‍ നല്‍കല്‍ പ്രൊജക്ടിലും ലാപ്‌ടോപ് നല്‍കല്‍ പ്രൊജക്ടിലുമാണ് അഴിമതി നടന്നിട്ടുള്ളത്. ഉയര്‍ന്ന വിലയുള്ള കൈയ്യുള്ള കസേരകളും, ഹാര്‍ഡ് വുഡ് സ്റ്റഡി ടേബിളുകള്‍ക്കുമാണ് നഗരസഭ 2 ലക്ഷത്തിലധികം രൂപ ചെലവഴിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയതാകട്ടെ കൈയ്യില്ലാത്ത ഗുണനിലവാരം കുറഞ്ഞ ചെറിയ തുകയുടെ കസേരയും സ്റ്റഡി ടേബിളുമാണ്.

2021-2022 വര്‍ഷത്തില്‍ മത്സ്യത്തൊഴിലാളികളുടെ മക്കളുടെ പഠന ആവശ്യത്തിന് മുപ്പതിനായിരം രൂപയുടെ ലാപ്പ്‌ടോപ്പ് വാങ്ങാന്‍ എന്ന രീതിയില്‍ 2,80,000 ത്തോളം രൂപയാണ് നഗരസഭ ചെലവഴിച്ചത്. എന്നാല്‍ ആ വര്‍ഷം ലാപ്പ്‌ടോപ്പ് വാങ്ങുകയോ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കുകയോ ചെയ്തിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമായിരിക്കുന്നു. ഇതിലും വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയും അവരുടെ പേരില്‍ അഴിമതി നടത്തുകയും ചെയ്ത നഗരസഭ ഭരണസമിതി രാജിവെക്കുകയും ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതു വരെ പ്രക്ഷോഭം നടത്തുമെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.

എം വി ബാബുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ രാജന്‍, യു കെ രാജന്‍, വി കെ സുധാകരന്‍, കെ കെ. വത്സരാജ്, എം വി മനോജ് എന്നിവര്‍ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button