KOYILANDI

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ്

കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് അതിഥി മന്ദിരത്തില്‍ നടത്തിയ സിറ്റിങില്‍ രണ്ട് മത്സ്യത്തൊഴിലാളികളുടെ വായ്പയ്ക്ക് കടാശ്വാസമായി 2,09,074 രൂപ അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തു. കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ കൊയിലാണ്ടി ശാഖയില്‍ നിന്ന് വായ്പയെടുത്ത രണ്ടു പേര്‍ക്കാണ് ഇതനുവദിച്ചത്.
കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ കൊയിലാണ്ടി ശാഖ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബേപ്പൂര്‍ ശാഖ, കനറാ ബാങ്ക്, കൊയിലാണ്ടി ശാഖ, അഴിയൂര്‍-ചോമ്പാല മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, ചോമ്പാല മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, കപ്പക്കടവ്-തുവ്വപ്പാറ മത്സ്യത്തൊഴിലാളി വികസന ക്ഷേമ  സംഘം,  മടപ്പള്ളി-അഴിയൂര്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം എന്നിവിടങ്ങളില്‍ നിന്നും വായ്പയെടുത്ത 25 മത്സ്യത്തൊഴിലാളികളുടെ വായ്പ കാലഹരണപ്പെട്ടതായാണ് കാണുന്നതെന്നും കാലഹരണപ്പെട്ട വായ്പക്ക് നിയമ പ്രകാരം കടബാദ്ധ്യത നിലനില്‍ക്കുന്നില്ല എന്നതിനാല്‍ മത്സ്യത്തൊഴിലാളി കടാശ്വാസം അനുവദിക്കാന്‍ സാധിക്കാത്ത സാഹചര്യം കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. വായ്പ കാലഹരണപ്പെട്ടതല്ലെന്ന് തെളിയിക്കാനാവശ്യമായ രേഖകളുണ്ടെങ്കില്‍ ഹാജരാക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഒരു അവസരം കൂടി നല്കിക്കൊണ്ട് അടുത്ത സിറ്റിംഗില്‍ പരിഗണിക്കാന്‍ തീരുമാനിച്ചു.
ചെയര്‍മാന്‍ ജസ്റ്റിസ് .പി.എസ്. ഗോപിനാഥന്‍, കമ്മീഷന്‍ മെമ്പര്‍ കെ.എ. ലത്തീഫ് തുടങ്ങിയവര്‍ സിറ്റിങില്‍ പങ്കെടുത്തു.
ബേപ്പൂര്‍ ശാഖയില്‍ നിന്ന് വായ്പയെടുത്ത മറ്റൊരു മത്സ്യത്തൊഴിലാളിയുള്‍പ്പെട്ട  കേസും കമ്മീഷന്‍ പരിഗണിച്ചു. പരമാവധി കടാശ്വാസം ഒരു ലക്ഷം രൂപ അനുവദിച്ചാല്‍ പോലും മുതല്‍ ബാക്കി തിരിച്ചടക്കുന്നതിന് മത്സ്യത്തൊഴിലാളിക്ക് നിവൃത്തിയില്ലാത്ത സ്ഥിതിയുണ്ട്. മക്കളും ബന്ധപ്പെട്ടവരുമായും സംസാരിച്ച് തിരിച്ചടവിന് ധാരണയുണ്ടാക്കാമെന്ന മത്സ്യത്തൊഴിലാളി നിരീക്ഷകനായ രാമദാസിന്റെ അഭിപ്രായം സ്വീകരിച്ച് അടുത്ത സിറ്റിംഗില്‍ വിഷയം പരിഗണിക്കും.
കാരന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നെടുത്ത 2 ലക്ഷം രൂപയുടെ വായ്പക്ക് കടാശ്വാസത്തിന് അപേക്ഷിച്ചിരുന്ന മത്സ്യത്തൊഴിലാളിക്ക് മുന്‍പ് വേറൊരു വായ്പയില്‍ കടാശ്വാസം അനുവദിച്ച നിലക്ക് പരിഗണിക്കാനാവില്ല.
ഫെഡറല്‍ ബാങ്കിന്റെ കൊയിലാണ്ടി ശാഖയില്‍ നിന്നും 5,90,000 രൂപ ഭവന വായ്പയെടുത്ത മത്സ്യത്തൊഴിലാളി 8.16 ലക്ഷം രൂപ തിരിച്ചടച്ചിട്ടുണ്ടെങ്കിലും മുതലിനത്തില്‍ ഇനിയും 3 ലക്ഷത്തിലധികം തിരിച്ചടക്കാനുണ്ട്. ഈ കേസും കമ്മീഷന്റെ പരിഗണനയില്‍ വന്നു. കടാശ്വാസത്തിന് അര്‍ഹതയുള്ള മത്സ്യത്തൊഴിലാളിക്ക് പരമാവധി കടാശ്വാസം അനുവദിച്ചാല്‍ പോലും വായ്പ തീര്‍പ്പാക്കുവാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വായ്പയില്‍ വിട്ട്‌വീഴ്ച ചെയ്യാവുന്ന തുക റീജിയണല്‍ ഓഫീസിന്റെ അനുമതിയോടെ അറിയിക്കാമെന്ന് മാനേജര്‍ പറഞ്ഞു. തുടര്‍ന്ന് പരാതി അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിന് നിശ്ചയിച്ചു.
കാലിക്കറ്റ് സഹകരണ അര്‍ബ്ബന്‍ ബാങ്കിന്റെ ജപ്തി നടപടിയെ തുടര്‍ന്ന് മറ്റ് പലരില്‍ നിന്നും വായ്പ വാങ്ങി 2008-ല്‍ എടുത്ത വായ്പ തീര്‍പ്പാക്കിയ മത്സ്യത്തൊഴിലാളിക്ക് വായ്പ നിലവിലില്ലാത്ത സാഹചര്യത്തില്‍ കടാശ്വാസം അനുവദിക്കാവുന്നതല്ല എന്ന് കണ്ട് അപേക്ഷ നിരസിച്ചു.
കടാശ്വാസം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികള്‍ പരിഗണിക്കുന്നതിനും 2008-ലെ വായ്പകളില്‍ കടാശ്വാ സം അനുവദിക്കുന്നതിനുള്ള തെളിവെടുപ്പിനും പുതിയ തീയതി പിന്നീട് അറിയിക്കും.
നിരീക്ഷകരായ സി.പി. രാമദാസന്‍,  ഉമേശന്‍, .കെ.വി. ഖാലിദ് മാസറ്റര്‍ എന്നിവരും സഹകരണ സംഘം ജോയിന്റ് ഡയറക്ടര്‍ ഓഫീസില്‍ നിന്നും എം. ശരണ്യ, ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍  കെ. മിനി ചെറിയാന്‍, സഹകരണ ബാങ്കുകളുടെയും ദേശസാല്‍കൃത ഷെഡ്യൂള്‍ഡ് ബാങ്കുകളുടെയും പ്രതിനിധികളും അപേക്ഷകരും പങ്കെടുത്തു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button