മത്സ്യ മാർക്കറ്റ് നിർമാണം വിജിലൻസ് അന്വേഷണം വേണം: യു ഡി എഫ്
പേരാമ്പ്ര:ഉദ്ഘാടനം കഴിഞ്ഞു രണ്ട് മാസം തികയുന്നതിന് മുൻപേ പേരാമ്പ്ര മത്സ്യ മാർക്കറ്റ് പൊട്ടിപ്പൊളിഞ്ഞ നിലയിലായിരിക്കുന്നു. ഏറെ കൊട്ടിഘോഷിച്ചു തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിർവഹിച്ച മത്സ്യ മാർക്കറ്റാണ് ഈ അവസ്ഥയിൽ എത്തി നിൽക്കുന്നത്.മേൽഭാഗത്ത് പതിച്ച ടൈലുകൾ മുഴുവൻ ഇളകിയ നിലയിലാണ്. മത്സ്യം വാങ്ങുവാൻ വരുന്നവർ നിലത്ത് ചവിട്ടുമ്പോൾ മലിനജലം ശരീരത്തിലേക്ക് തെറിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ആധുനിക സംവിധാനത്തിലുണ്ടാക്കി എന്ന് പറയുന്ന മത്സ്യ മാർക്കറ്റിൽ ഡ്രൈയിനേജിൽ കൂടി വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടന്ന് കൊതുകകളുടെ താവളമായി മാറിയിരിക്കുന്നു. ഇരുന്നൂറോളം തൊഴിലാളികളും പൊതുജനങ്ങളും ഉപയോഗിക്കേണ്ട കക്കൂസ് ഇടക്കിടക്ക് ബ്ലോക്കാവുന്ന അവസ്ഥയിലാണ്.86 ലക്ഷം രൂപ ചിലവഴിച്ച മത്സ്യ മാർക്കറ്റ് ഈ അവസ്ഥയിലാണ് പോകുന്നതെങ്കിൽ വീണ്ടും മൽസ്യം പുറത്ത് വെച്ച് വിൽക്കേണ്ട അവസ്ഥ വരുമെന്ന് തൊഴിലാളികൾ പറയുന്നു.നിർമാണത്തിലെ അപാകതയും അഴിമതിയുമാണ് ഇതിൻ്റെ പിന്നിലെന്നും അതുകൊണ്ടുതന്നെ ഇതേ പറ്റി അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം വിജിലൻസിനെ സമീപിക്കുമെന്നും മൽസ്യമാർക്കറ്റ് സന്ദർശിച്ച ശേഷം യു ഡി എഫ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളും യു ഡി എഫ് നേതാക്കളും പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.കെ രാഗേഷ്, യു.സി ഹനീഫ, അർജുൻ കറ്റയാട്ട്, റെസ് മിന തങ്കേക്കണ്ടി, സൽമ നൻ മനക്കണ്ടി, യു ഡി എഫ് നേതാക്കളായ രാജൻ മരുതേരി ,എം.കെ.സി കുട്ട്യാലി എന്നിവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു