DISTRICT NEWS

മന്ത്രിസഭാ വാർഷികം: ആവേശമായി സൗഹൃദ ഫുട്ബോൾ മത്സരം

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരും തമ്മിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ മാധ്യമ പ്രവർത്തകർക്ക് ജയം. ഏപ്രിൽ 19 മുതൽ 26 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന പ്രദർശന – വിപണ മേളയുടെ പ്രചരണാർത്ഥമാണ് മത്സരം സംഘടിപ്പിച്ചത്.

ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് പ്രസ് ക്ലബിന്റെ സഹകരണത്തോടെ നടന്ന സൗഹൃദ ഫുട്ബോൾ മത്സരം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ കിക്കോഫ് ചെയ്തു. വാശിയേറിയ മത്സരത്തിനാണ് കാരപ്പറമ്പിലെ ടർഫ് സാക്ഷ്യം വഹിച്ചത്. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് മാധ്യമ പ്രവർത്തകരുടെ ടീം ജയിച്ചത്.

മാധ്യമ പ്രവർത്തകരുടെ ടീമിന് വേണ്ടി രാഹുൽ രണ്ട് ഗോളും ദിപിൻ, നിസാർ , സുധിൻ എന്നിവർ ഓരോ ഗോൾ വീതവും നേടി. പി. സച്ചിൻ ദേവ് എം.എൽ.എ, വസീഫ് എന്നിവർ ജനപ്രതിനിധികളുടെ ടീമിന് വേണ്ടി ഗോൾ നേടി.

മന്ത്രി എ.കെ. ശശീന്ദ്രൻ ക്യാപ്റ്റനായ ജനപ്രതിനിധികളുടെ ടീമിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ, എം.എൽ.എമാരായ പി.ടി.എ റഹിം, തോട്ടത്തിൽ രവീന്ദ്രൻ , പി. സച്ചിൻ ദേവ് , കൗൺസിലർമാരായ സി.എം ജംഷീർ, വരുൺ ഭാസ്കർ, ജില്ലാ പഞ്ചായത്ത് അംഗം പി. ഗവാസ് ആർ ഷാജി, വി. വസീഫ്, എ.കെ അബ്ദുൾ ഹക്കീം തുടങ്ങിയവരാണ് കളിച്ചത്.

കമാൽ വരദൂർ ( ചന്ദ്രിക ) ക്യാപ്റ്റനായ ടീമിൽ മാധ്യമപ്രവർത്തകർക്കായി
അരുൺ എ .ആർ .സി (കേരള കൗമുദി), രാഹുൽ കെ.വി (മാതൃഭൂമി), ദിപിൻ വി. (മീഡിയ വൺ ), വിപുൽനാഥ് (ഇ ന്യൂസ് ) , നിസാർ കൂമണ്ണ (സുപ്രഭാതം), അബു ഹാഷിം (മനോരമ), ബൈജു കൊടുവള്ളി, എം.ടി വിധു രാജ് ( മലയാള മനോരമ), , സോനു (സമയം ), ഫിറോസ് ഖാൻ (മാധ്യമം), സുധിൻ ടി.കെ (ജനയുഗം) എന്നിവർ കളത്തിലിറങ്ങി.

കാനത്തിൽ ജമീല എം.എൽ.എ, ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. ദീപ തുടങ്ങിയവർ സന്നിഹിതരായി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button