സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലത്തിലും എംഎല്‍എമാരുടെ നേതൃത്വത്തില്‍ ശനിയാഴ്ച ദീപം തെളിയിക്കും
സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലത്തിലും മയക്കു മരുന്നിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി എം എല്‍ എമാരുടെ നേതൃത്വത്തില്‍ ശനിയാഴ്ച ദീപം തെളിയിക്കും. കൂടാതെ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ആറിന് സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കും. ലഹരിക്കെതിരെയുള്ള കേരളത്തിന്റെ ഈ മഹാ പോരാട്ടത്തില്‍ പങ്കാളികളായി വീടുകളില്‍ ദീപം തെളിയിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കും.
സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ലഹരിക്കെതിരെ ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച പ്രചാരണത്തിന്റെ ഭാഗമായി വിവിധ ബോധവത്കരണ പരിപാടികളാണ് സംസ്ഥാനത്തെങ്ങും നടന്നു വരുന്നത്. നവംബര്‍ ഒന്നിനാണ് ഒന്നാം ഘട്ട പ്രചാരണം അവസാനിക്കുന്നത്.
നവംബര്‍ ഒന്നിന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഓഫീസുകളിലും ലഹരിക്കെതിരെ വിദ്യാര്‍ഥികളും പൊതുജനങ്ങളും ശൃംഖല തീര്‍ക്കും. വിദ്യാലയങ്ങളില്ലാത്ത സ്ഥലങ്ങളില്‍ വാര്‍ഡുകളിലെ പ്രധാന കേന്ദ്രത്തിലാകും ശൃംഖല. മയക്കുമരുന്നിനെതിരെയുള്ള പ്രചാരണത്തില്‍ പങ്കാളികളാകാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് മന്ത്രി എം ബി രാജേഷ് അഭ്യത്ഥിച്ചു.