മരുന്നിൻ്റെ കുറിപ്പടിയുമായി മെഡിക്കൽ കോളേജ് ആശുപത്രി മെഡിക്കൽ ഷോപ്പിലെത്തിയ ആരോഗ്യ മന്ത്രി മരുന്നു കിട്ടാതെ മടങ്ങി
തിരുവനന്തപുരം: മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ മിന്നൽ സന്ദർശനത്തിനെത്തിയ ആരാഗ്യ മന്ത്രി വീണാ ജോർജിന് ഫാർമസിയിൽ അവശ്യമരുന്നുകളില്ലാത്ത കാര്യം നേരിൽ ബോദ്ധ്യപ്പെട്ടു. വാർഡുകളിൽ സന്ദർശിച്ച മന്ത്രി പിന്നീട് പത്തൊമ്പതാം വാർഡിലെ രോഗിയായ പത്മാകുമാരിയുടെ അരികിലെത്തി. അവരുടെ ഭർത്താവ് മന്ത്രിയെ കണ്ട് മരുന്നുകളൊന്നും കാരുണ്യ ഫാർമസിയിൽ നിന്നും കിട്ടുന്നില്ലെന്ന് പരാതി പറഞ്ഞു. ഇതേത്തുടർന്ന് അദ്ദേഹത്തിൽ നിന്ന് മന്ത്രി മരുന്നിന്റെ കുറിപ്പ് വാങ്ങി കാരുണ്യ ഫാർമസിയിലെത്തി. മന്ത്രി പുറത്ത് നിന്ന ശേഷം ഒരാളെ കാരുണ്യ ഫാർമസിയിലേക്കയച്ചു. മരുന്നില്ലെന്ന് നേരത്തെ പറഞ്ഞതല്ലേയെന്ന് പറഞ്ഞ് ജീവനക്കാരി തട്ടിക്കയറുന്നതിന് മന്ത്രി ദൃക്സാക്ഷിയായി.
ഉടൻ തന്നെ മന്ത്രി കൗണ്ടറിലെത്തി ആ കുറിപ്പ് കാണിച്ചു. അപ്പോഴും മരുന്നില്ലെന്ന് ജീവനക്കാരി മറുപടി പറഞ്ഞു. എന്തുകൊണ്ട് മരുന്നില്ലെന്ന മന്ത്രിയുടെ ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെ ജീവനക്കാർ പതറി. ഉടൻ തന്നെ മന്ത്രി ഫാർമസിക്കകത്ത് കയറി കമ്പ്യൂട്ടറിൽ മരുന്നുകളുടെ ലിസ്റ്റ് പരിശോധിച്ചു. ഡോക്ടർമാർ എഴുതുന്ന മരുന്നുകളുടെ ലിസ്റ്റെടുത്ത്, ആവശ്യകതയനുസരിച്ച് കൃത്യമായി മരുന്നുകൾ സ്റ്റോക്ക് ചെയ്യണമെന്ന് നിർദ്ദേശിച്ച് പുറത്തു കടന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആരോഗ്യ മന്ത്രി വീണാ ജോർജ് വീണ്ടും അപ്രതീക്ഷിത സന്ദർശനം നടത്തുകയായിരുന്നു. ബുധനാഴ്ച രാത്രി ഒമ്പതേകാലോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ മന്ത്രി ഒന്നര മണിക്കൂറോളം ആശുപത്രിയിൽ ചെലവിട്ടു. അത്യാഹിത വിഭാഗത്തിലെത്തിയ മന്ത്രി വിവിധ എമർജൻസി വിഭാഗങ്ങൾ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. ഇതോടൊപ്പം ഡ്യൂട്ടി ലിസ്റ്റ് പരിശോധിക്കുകയും ചെയ്തു. സീനിയർ ഡോക്ടർമാർ അത്യാഹിത വിഭാഗത്തിൽ രാത്രിയിൽ ഡ്യൂട്ടിക്കുണ്ടെന്ന് ബോധ്യപ്പെട്ടു. അത്യാഹിത വിഭാഗം കാര്യക്ഷമമായി പ്രവർത്തിക്കുന്നതായും മനസിലാക്കി.
കഴിഞ്ഞ ഒക്ടോബർ 28-നായിരുന്നു മന്ത്രി മെഡിക്കൽ കോളേജിലെ പഴയ അത്യാഹിത വിഭാഗത്തിൽ ആദ്യമായി സന്ദർശനം നടത്തിയത്. രാത്രിയിൽ അപ്രതീക്ഷിതമായായിരുന്നു സന്ദർശനം. മന്ത്രിയുടെ അന്നത്തെ നിർദേശ പ്രകാരമാണ് പുതിയ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചത്. സീനിയർ ഡോക്ടർമാർ രാത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കില്ലാത്തത് അന്ന് കണ്ടെത്തിയിരുന്നു. അത്തരക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയിരുന്നെങ്കിലും വിശേഷിച്ച് നടപടികളൊന്നുമുണ്ടായില്ല. മെഡിക്കൽ കോളേജിന്റെ സേവനം മെച്ചപ്പെടുത്തുന്നതിന് ഒരു കമ്മിറ്റിയെ അന്ന് നിയോഗിച്ചിരുന്നു. ഈ കമ്മിറ്റി നിരന്തരം യോഗം ചേർന്ന് പോരായ്മകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ഇതുകൂടാതെ അത്യാഹിത വിഭാഗത്തിലും വാർഡുകളിലും സീനിയർ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാൻ കഴിഞ്ഞ ഞായറാഴ്ച മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് തീരുമാനിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അത്യാഹിത വിഭാഗത്തിന്റെ രാത്രികാല പ്രവർത്തനം മനസിലാക്കാൻ മന്ത്രി മിന്നൽ സന്ദർശനം നടത്തിയത്. അത്യാഹിത വിഭാഗം നന്നായി പ്രവർത്തിക്കുന്നതിൽ മന്ത്രി സംതൃപ്തി അറിയിച്ചു.