മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ കയാക്കിങ് മത്സരത്തിന്റെ പ്രചരണാര്‍ത്ഥം നടത്തിയ സൈക്കിൾ സവാരി ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി ഫ്ലാഗ് ഓഫ് ചെയ്തു
മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ കയാക്കിങ് മത്സരത്തിന്റെ പ്രചരണാര്‍ത്ഥം നടത്തിയ സൈക്കിൾ സവാരി ജില്ലയെ ആവേശത്തിലാഴ്ത്തി. മാനാഞ്ചിറയില്‍നിന്നും ആരംഭിച്ച സവാരി ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി ഫ്ലാഗ് ഓഫ് ചെയ്തു. സവാരിയിൽ 70 പേരടങ്ങുന്ന താരങ്ങൾ പങ്കെടുത്തു. പുലിക്കയത്ത് സൈക്കിൾ സവാരിയെ ലിന്റോ ജോസഫ് എംഎൽഎ യുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വൻ ജനാവലിയുടെയും വാദ്യഘോഷ അകമ്പടിയോടും കൂടിയായിരുന്നു സ്വീകരണം. ചടങ്ങിൽ സൈക്ലിങ് നടത്തിയവർക്ക് എംഎൽഎ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കയാക്കിങ് മാതൃക പ്രദർശനവും റിവർ റാഫ്റ്റിംഗ്, കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.
കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ലാ പഞ്ചായത്ത്, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി ചേര്‍ന്നാണ് അന്തര്‍ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 12,13,14 തീയതികളിലായി മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ തുഷാരഗിരിയില്‍ വെച്ചാണ് മത്സരം. കയാക്കിങ്ങില്‍ പുലിക്കയം സ്റ്റാര്‍ട്ടിങ് പോയിന്റും ഇലന്തുകടവ് എന്റിങ് പോയിന്റുമാവും. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകള്‍ സംയുക്തമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി കയാക് സ്ലാലോം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ എന്നീ മത്സര വിഭാഗങ്ങളുണ്ടാകും. അന്തര്‍ദേശീയ കയാക്കര്‍മാരും ദേശീയ കയാക്കര്‍മാരും മത്സരത്തില്‍ പങ്കെടുക്കും.
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളികാട്ടിൽ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, വിനോദസഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജി അഭിലാഷ്, സാഹസിക ടൂറിസം സിഇഒ ബിനു കുര്യാക്കോസ്, ഡി ടി പി സി സെക്രട്ടറി നിഖിൽദാസ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ, സംഘാടക സമിതി അംഗം പോൾസൻ തുടങ്ങിയവർ പങ്കെടുത്തു.