മലബാറിലെ യാത്രക്കാർക്ക് ആശ്വാസമായി കണ്ണൂർ-മംഗളൂരു- ബംഗളൂരു എക്സ്പ്രസ് കോഴിക്കോടുവരെ നീട്ടി
കണ്ണൂർ: കണ്ണൂർ- മംഗളൂരു- സൗത്ത് ബംഗളൂരു സിറ്റി എക്സ്പ്രസ് (16512/11) കോഴിക്കോട് വരെ നീട്ടാനുള്ള നിർദേശത്തിന് ഇന്ത്യൻ റെയിൽവേ ടൈം ടേബിൾ കമ്മിറ്റി അംഗീകാരം നൽകിയത് മലബാറിലെ യാത്രക്കാർക്ക് ഏറെ ആശ്വാസമായി. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നും ബംഗളൂരുവിലേക്കുള്ള യാത്രക്കാർക്ക് യാത്രദുരിതം കുറയ്ക്കുന്നതാണ് പുതിയ തീരുമാനം.
റെയിൽവേ ബോർഡിന്റെ അന്തിമവിജ്ഞാപനം വന്നാൽ സർവിസ് തുടങ്ങും. അതോടൊപ്പം 16610 മംഗളൂരു-കോഴിക്കോട് എക്സ്പ്രസ് പാലക്കാട് വരെ നീട്ടാനും മംഗളൂരു- കോഴിക്കോട്-രാമേശ്വരം എക്സ്പ്രസ് പുതുതായി തുടങ്ങാനും ബംഗളൂരുവിൽ ചേർന്ന റെയിൽവേ ടൈം ടേബിൾ കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. ജോലിക്കും വിദ്യാഭ്യാസത്തിനും കച്ചവടത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി മലബാറിൽ നിന്നും പതിനായിരക്കണക്കിന് ആളുകളാണ് ബംഗളൂരു നഗരത്തിനെ ആശ്രയിക്കുന്നത്.
കണ്ണൂർ- മംഗളൂരു- സൗത്ത് ബംഗളൂരു സിറ്റി എക്സ്പ്രസ് കോഴിക്കോട് വരെയെങ്കിലും നീട്ടണമെന്ന ആവശ്യത്തിന് ദീർഘകാലത്തെ പഴക്കമുണ്ട്. രാത്രി 9.35ന് കെ.എസ്.ആർ ബംഗളൂരു സിറ്റി ജങ്ഷനിൽ നിന്ന് യാത്ര തുടങ്ങി രാവിലെ 10ന് കണ്ണൂരിലെത്തുന്ന വണ്ടി വൈകിട്ട് 5.05നാണ് തിരിച്ചുപോകുന്നത്. ഏഴുമണിക്കൂർ കണ്ണൂരിൽ വിശ്രമിക്കുന്ന ട്രെയിൻ കോഴിക്കോട് ഭാഗത്തേക്ക് നീട്ടണമെന്ന ആവശ്യത്തിനാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്.