മലബാർ, മാവേലി എക്സ്പ്രസ്സുകൾ ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറക്കാൻ റെയിൽവേ
മലബാർ, മാവേലി എക്സ്പ്രസ്സുകൾ ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറക്കാൻ റെയിൽവേ. സ്ലീപ്പർ കോച്ചുകൾക്ക് പകരം ജനറൽ കമ്പാർട്ട്മെൻറും, തേർഡ് എസി കോച്ചും വർധിപ്പിക്കും. തീരുമാനം സെപ്റ്റംബർ പകുതിയോടെ പ്രാബല്യത്തിൽ വരും.
കേരളത്തിൽ സർവ്വീസ് നടത്തുന്ന 8 ട്രെയിനുകളുടെ രണ്ട് വീതം സ്ലീപ്പർ കോച്ചുകൾ വെട്ടി ചുരുക്കാനാണ് റെയിൽവേയുടെ തീരുമാനം. വെട്ടിക്കുറച്ച സ്ലീപ്പർ കോച്ചുകളിൽ ഒന്ന് എസി ത്രീ ടയർ ആയും മറ്റേത് ജനറൽ കോച്ചുമാക്കും. വരുമാന വർദ്ധനവ് ലക്ഷ്യമിട്ടാണ് എസി കോച്ചിന്റെ എണ്ണം കൂട്ടിയത്.
നിലവിൽ ഉണ്ടായിരുന്ന എസ്എൽആർ കോച്ച് ഭിന്നശേഷിക്കാർക്ക് മാത്രമാക്കും. അധികമായി ഒരു ജനറൽ കോച്ച് ലഭിക്കുമെങ്കിലും ട്രെയിനുകളിലെ തിരക്ക് വർദ്ധിക്കാൻ ഇത് കാരണമാവും.
മംഗളൂരു തിരുവനന്തപുരം സെൻട്രൽ റൂട്ടിലുള്ള മാവേലി, മലബാർ എക്സ്പ്രസുകൾ, മംഗളൂർ സെൻട്രൽ-ചെന്നൈ സെൻട്രൽ മംഗളൂരു സെൻട്രൽ സൂപ്പർഫാസ്റ്റ് മെയിൽ, ചെന്നൈ സെൻട്രൽ മംഗളൂരു സെൻട്രൽ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, എന്നിവയുടെ സ്ലീപ്പർ പോസ്റ്റുകൾ ആണ് വെട്ടിച്ചുരുക്കുന്നത്. സെപ്റ്റംബർ 11 മുതൽ മാവേലി എക്സ്പ്രസിൽ തീരുമാനം നടപ്പിലാക്കും.