മലമുകളിൽ പാറയിടുക്കിൽ അകപ്പെട്ട യുവാവിനായി രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
പാലക്കാട്: മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിജയത്തോടടുക്കുന്നു. ഹെലിക്കോപ്പ്റ്ററിന്റെ സഹായത്തോടെ യുവാവിനെ കണ്ടെത്താനുള്ള നീക്കമാണ് വിജയത്തിലെത്തുന്നത്. അപകടം നടന്ന് 24 മണിക്കൂറായിട്ടും ഇയാളെ പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. വെള്ളവും ഭക്ഷണവുമെത്തിക്കാനുള്ള നീക്കമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. തൃശൂരില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം നേവിയുടെ സഹായവും തേടിയിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. മലയിൽ കുടുങ്ങിയ ബാബുവും മറ്റ് രണ്ട് പേരും ചേര്‍ന്ന് ചെറാട് മലയുടെ ചെങ്കുത്തായ കുറുമ്പാച്ചി മുനമ്പിലേക്ക്ലേക്ക് കയറുകയായിരുന്നു. പാതിവഴിയിൽ മറ്റ് രണ്ട് പേർ തിരികെപോയി. ബാബു മലമുകളിലേയ്ക്ക് കയറി. മലയുടെ മുകളില്‍നിന്ന് കാല്‍ തെന്നിവീണ ഇയാൾ പാറക്കെട്ടിനിടയില്‍ കുടുങ്ങുകയായിരുന്നു.
ഫോണില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ചിലര്‍ മലമുകളിലെത്തി ബാബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നേരം ഇരുട്ടിത്തുടങ്ങിയതോടെ അവര്‍ തിരിച്ചുപോന്നു. ബാബു തന്നെ അപകടത്തില്‍പ്പെട്ട വിവരം അഗ്‌നിരക്ഷാസേനയെയും വിളിച്ചറിയിച്ചിരുന്നു.
കൂടെയുണ്ടായിരുന്നവർ പറഞ്ഞതനുസരിച്ച് രക്ഷാപ്രവര്‍ത്തകര്‍ ബാബു അകപ്പെട്ട സ്ഥലം കണ്ടെത്തി. എന്നാല്‍, രാത്രിയായിട്ടും രക്ഷാസംഘത്തിന് അവിടെയെത്തി ബാബുവിനെ താഴെയിറക്കാന്‍ സാധിച്ചിട്ടില്ല. മൊബൈല്‍ റെയ്ഞ്ച് ഇല്ലാത്തതും വെളിച്ചക്കുറവും പ്രതിസന്ധിയായി. രാത്രിയോടെ ദേശീയ ദുരന്തനിവാരണസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ദുര്‍ഘടമായ പാറയിടുക്കിൽ നിന്ന് ബാബുവിനെ രക്ഷിക്കാനായില്ല. മലയുടെ കീഴില്‍ ബാബുവിന്റെ കുടുംബാംഗങ്ങളുൾപ്പെടെ പോലീസും നാട്ടുകാരും തമ്പടിച്ചിട്ടുണ്ട്. ഹെലിക്കോപ്പ്റ്റർ എത്തിയതോടെ രക്ഷാപ്രവർത്തകർ പ്രതീക്ഷ കൈവരിച്ചിട്ടുണ്ട്.