CALICUTKERALA

മലയാളസര്‍വകലാശാലായ്ക്കിത് സ്വപ്നസാക്ഷാത്കാരം


തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലക്കുവേണ്ടി കേരളസര്‍ക്കാര്‍  മാങ്ങാട്ടിരിയില്‍ ഏറ്റെടുത്ത 4.1352 ഹെക്ടര്‍ ഭൂമിയില്‍ ആസ്ഥാനമന്ദിരം ഒരുക്കുന്നതിനുള്ള ശിലാസ്ഥാപനം ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍  ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. ഉന്നതവിദ്യാഭ്യാസമേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഒരു കര്‍മ പദ്ധതിയായി മുഖ്യമന്ത്രി ശിലാസ്ഥാപന കര്‍മത്തെ വിലയിരുത്തി. വിജ്ഞാനം മലയാളത്തിലൂടെ എന്ന ദൗത്യം നിര്‍വഹിക്കുന്നതിന് സ്ഥാപിതമായ മലയാളസര്‍വകലാശാല അനേകം ബാലാരിഷ്ടതകള്‍ പിന്നിട്ട്  ചുവടുറപ്പിക്കാന്‍ പോകുന്ന അഭിമാന നിമിഷമായിരുന്നു ഇത്. എട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ്  സര്‍വകലാശാലയ്ക്ക് സ്വന്തമായി ഒരു കെട്ടിടമാണ്  യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്‍മെന്‍റ് കോളേജിന്‍റെ സ്ഥലത്ത് താല്കാലികമായി ഉണ്ടാക്കിയ കെട്ടിടത്തിലാണ് നിലവില്‍ സര്‍വകലാശാല പ്രവര്‍ത്തിച്ച് വരുന്നത്.

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ഇന്ന് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ തലയുയര്‍ത്തിപ്പിടിക്കാവുന്ന നിലയിലായിട്ടുണ്ട്. മലയാളഭാഷയിലും സാഹിത്യത്തിലും മാത്രമല്ല ചരിത്രം, സാമൂഹ്യശാസ്ത്രം, വികസനപഠനം, മാധ്യമപഠനം, ചലച്ചിത്രപഠനം, വികസനപഠനം, മാധ്യമപഠനം, ചലച്ചിത്രപഠനം, പരിസ്ഥിതിപഠനം, പൈതൃകവിജ്ഞാനം എന്നീ വിഷയങ്ങളിലും ഇവിടെ പി.ജി, പിഎച്ച്.ഡി, പ്രോഗ്രാമുകള്‍ നടക്കുന്നു. ഉന്നത വിദ്യാഭ്യാസത്തില്‍ ശാസ്ത്രവിഷയവും മലയാളമാധ്യമത്തിലൂടെ പഠിക്കാം എന്ന് എം.എസ്.സി. പരിസ്ഥിതിപഠനത്തിന്‍റെ ആവിര്‍ഭാവത്തിലൂടെ തെളിയിക്കാന്‍ സാധിച്ചു. കൂടാതെ ഈയിടെ സര്‍ക്കാര്‍ അനുവദിച്ച പരിഭാഷ – താരതമ്യപഠന സ്കൂള്‍ മലയാളസര്‍വകലാശാലയെ സംബന്ധിച്ച് ഏറെ പ്രതീക്ഷ പകരുന്നതാണ്. ഈ കേന്ദ്രത്തില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന ഗവേഷണ പരിപാടികള്‍ മലയാളഭാഷയിലൂടെയുള്ള വൈജ്ഞാനികവിനിമയങ്ങള്‍ക്ക് കരുത്തു പകരും. മലയാളസര്‍വകലാശാലയില്‍ നിന്നു പുറത്തു വരുന്ന പ്രസിദ്ധീകരണങ്ങള്‍ പല നിലക്കും ഭാഷയുടെയും കേരളസംസ്കാരത്തിന്‍റെയും പഠനങ്ങള്‍ക്ക് പരിപോഷകങ്ങളായി വര്‍ത്തിക്കുന്നതാണ്.
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോളിന്‍റെ സാന്നിദ്ധ്യത്തില്‍ താനൂര്‍ എം.എല്‍.എ ശ്രീ വി.അബ്ദുറഹ്മാന്‍ വിശിഷ്ട അതിഥിയായി പങ്കെടുത്തു. സര്‍വകലാശാലയുടെ അക്ഷരം കാമ്പസില്‍ വെച്ച്  ഉദ്ഘാടനപരിപാടി തല്‍സമയം ദൃശ്യമായിരുന്നു. കോസ്റ്റ് ഫോര്‍ഡ് ആര്‍ക്കിടെക്റ്റ് & ജോയിന്‍റ് ഡയറക്ടര്‍ പി.ബി.സാജന്‍ സര്‍വകലാശാലയുടെ രൂപരേഖ അവതരിപ്പിച്ചു. രജിസ്ട്രാര്‍ ഡോ.ഡി. ഷൈജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരിപാടിയില്‍ കെ.പി രാമനുണ്ണി, ഇ. ജയന്‍, വെട്ടം പഞ്ചായത്ത് പ്രസിഡന്‍റ് നെല്ലാഞ്ചേരി നൗഷാദ്, ജില്ലാപഞ്ചായത്ത് അംഗം ഇ. അഫ്സല്‍, കെ.വി.ശശി, സ്റ്റാലിന്‍ വി, വിദ്യാര്‍ത്ഥി പ്രതിനിധി വിമല്‍ എന്നിവര്‍ സംസാരിച്ചു. പരീക്ഷാകണ്‍ട്രോളര്‍ ഡോ.റെജിമോന്‍ നന്ദി പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button