മലയില്‍ കുടുങ്ങിയ യുവാവിന് ഭക്ഷണമെത്തിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു
മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിന് ഭക്ഷണവും വെള്ളവും എത്തിക്കാനായി കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ സ്ഥലത്തെത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടു. കൊച്ചിയില്‍ നിന്നെത്തിച്ച ഹെലികോപ്ടര്‍ തിരിച്ചയച്ചു.
മലയുടെ ചെങ്കുത്തായ ഭാഗത്തിന്റെ താഴെയാണ് യുവാവ് കുടുങ്ങിയിരിക്കുന്നത്. എന്‍ഡിആര്‍എഫ് സംഘവും പ്രാദേശിക തിരച്ചില്‍ സംഘവും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും യുവാവ് ഉള്ള സ്ഥലത്തേക്ക് എത്തിപ്പെടാനാവുന്നില്ല. വടംകെട്ടിയും മറ്റും സ്ഥലത്തേക്ക് എത്തിപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. കുത്തനെയുള്ള ഭാഗമായതിനാല്‍ ഇവിടേക്ക് ഹെലികോപ്ടറിന് എത്തിപ്പെടാനാവുമോ എന്ന ആശങ്കയുണ്ടായിരുന്നു.
രാത്രിയിലെ കടുത്ത തണുപ്പും പകല്‍നേരത്തെ ചുട്ടുപൊള്ളുന്ന ചൂടും ബാബുവിന്റെ ആരോഗ്യനിലയെ ബാധിക്കുമെന്നും ആശങ്കയുണ്ട്. . ഭക്ഷണമോ വെള്ളമോ എത്തിക്കുന്നതിനാണ് നിലവിലെ ശ്രമങ്ങള്‍.
ഉച്ച വരെ മലയുടെ ഒരു ഭാഗത്ത് നിന്നുള്ള ആളുകള്‍ക്ക് ബാബുവിനെ കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു. വസ്ത്രം വീശികാണിച്ച് ആളുകള്‍ക്ക് സിഗ്നല്‍ കൊടുത്തിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ബൈനോക്കുലര്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ടെങ്കിലും കാഴ്ച വ്യക്തമല്ല. മണിക്കൂറുകള്‍ പിന്നിട്ടതിനാല്‍ ബാബു അവശതയിലാണെന്നാണ് കരുതുന്നത്.