DISTRICT NEWS

മഴ; ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങള്‍ ഇരുവഴിഞ്ഞിപ്പുഴയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു

മഴ ശക്തമായതിനെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങള്‍. രാവിലെ മുതല്‍ ജില്ലയുടെ മലയോര മേഖലയില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി പെയ്ത മഴയില്‍ കോഴിക്കോട് , കൊയിലാണ്ടി, വടകര താലൂക്കുകളിലായി നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. മടവൂരിലും താമരശ്ശേരിയിലും രണ്ട് വീടുകളുടെ മതിൽ ഇടിയുകയും ചെയ്തു.

കോഴിക്കോട് താലൂക്കില്‍ രണ്ട് വീടുകളാണ് ഭാഗികമായി തകര്‍ന്നത്. ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ 28-ാം ഡിവിഷനിലെ ജി.എല്‍.പി സ്‌കൂളിന് മുകളിലും തലക്കുളത്തൂര്‍ വില്ലേജിന് സമീപം കാറിനു മുകളിലും മരം വീണു. കടലുണ്ടി വില്ലേജില്‍ കപ്പലങ്ങാടി ബൈത്താനി എന്നീ സ്ഥലങ്ങളില്‍ കടല്‍ക്ഷോഭത്തില്‍ 25ഓളം വീടുകളില്‍ വെള്ളം കയറി. രണ്ട് കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ശാന്തിനഗര്‍ കോളനിയിലെ ഒരു വീടിന്റെ മേല്‍ക്കുര പാറിപ്പോയി. ഇവരെ സമീപത്തെ വീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
നിലവില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമില്ലന്നും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമാണെന്നും കോഴിക്കോട് തഹസില്‍ദാര്‍ അറിയിച്ചു.

വടകര താലൂക്കില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. വടകര മുനിസിപ്പാലിറ്റി പരിധിയിലെ അഴിത്തലയില്‍ തീരദേശ പോലീസ് സ്റ്റേഷന് സമീപം വയല്‍വളപ്പില്‍ സഫിയയുടെ വീടാണ് തകര്‍ന്നത്. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നിലവില്‍ ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റിതാമസിപ്പിച്ചു. വടകര താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഉള്‍പ്പടെ സജ്ജമാക്കിയതായും തഹസില്‍ദാര്‍ അറിയിച്ചു.

കൊയിലാണ്ടി താലൂക്കില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. മറ്റ് അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അടിയന്തര സാഹചര്യമുണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ 31 വില്ലേജുകളിലായി 64 ക്യാമ്പുകള്‍ സജ്ജമാക്കിയതായും തഹസില്‍ദാര്‍ അറിയിച്ചു.

താമരശ്ശേരി താലൂക്കിലെ ഇരുവഴിഞ്ഞിപ്പുഴയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു. കൊടിയത്തൂര്‍ കാരക്കുറ്റി സ്വദേശി 68 വയസ്സുള്ള സി.കെ ഉസ്സന്‍കുട്ടിയാണ് ഒഴുക്കില്‍പ്പെട്ടത്.
ഇദ്ദേഹത്തെ കണ്ടെത്തുന്നതിനായി ഫയര്‍ഫോഴ്സ് തിരച്ചിലാരംഭിച്ചു. താമരശ്ശേരി താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഉള്‍പ്പടെ സജ്ജമാക്കിയതായി തഹസില്‍ദാര്‍ അറിയിച്ചു.

കലക്ടറേറ്റിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിന് പുറമെ ജില്ലയിലെ നാല് താലൂക്കുകള്‍ കേന്ദ്രീകരിച്ചും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ജുലൈ ആറ് വരെ ജില്ലയില്‍ ഓറഞ്ച് മുന്നറിയിപ്പാണ് നിലനില്‍ക്കുന്നത്. 1077 ആണ് ടോള്‍ ഫ്രീ നമ്പര്‍. കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495 -2371002

കോഴിക്കോട് താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495-2372967
താമരശേരി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495 -2224088
വടകര താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0496-2520361
കൊയിലാണ്ടി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0496-2623100.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button