മഴ നനഞ്ഞ് പ്രകൃതിയെ അറിഞ്ഞ് ബാലസഭയുടെ മഴയാത്ര
കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി സംഘടിപ്പിച്ച “മഴയാത്ര 2023: മഴ നനയാം പ്രകൃതിയെ അറിയാം”പ്രകൃതി ദർശന യാത്രയിൽ കൊയിലാണ്ടി നഗരസഭയിലെ കുടുംബശ്രീ ബാലസഭയിലുള്ള കുട്ടികൾ പങ്കുചേർന്നു. താമരശ്ശേരി ചുരത്തിലൂടെയായിരുന്നു മഴയാത്ര സംഘടിപ്പിച്ചത്. നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
നഗരസഭ ബാലസഭയിൽ നിന്നും 38 കുട്ടികളും 16 മുതിർന്നവരും യാത്രയുടെ ഭാഗമായി. മറ്റു ജില്ലകളിലെ ബാലസഭകളിലെ കുട്ടികളും താമരശ്ശേരി ചുരത്തിൽ നടന്ന മഴ യാത്രയിൽ പങ്കെടുത്തു. അതിനു ശേഷം തുഷാരഗിരി എക്കോ ടൂറിസ്റ്റ് കേന്ദ്രവും സന്ദർശിച്ചാണ് കുട്ടികൾ മടങ്ങിയത്. കൊയിലാണ്ടി നഗരസഭ ബാലസഭയിലൂടെ നിരവധി പ്രവർത്തനങ്ങളാണ് കുട്ടികൾക്കായി നടത്തി വരുന്നത്. നീന്തൽ പരിശീലനം, കലാകായിക മത്സരങ്ങൾ, പ്രത്യേക ക്യാമ്പുകൾ, യാത്രകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് സ്വത്വ ബോധമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന കുട്ടികളുടെ ചെറു സംഘമാണ് ബാലസഭ. തലമുറകളിൽ നിന്നും തലമുറകളിലേക്കുള്ള ദാരിദ്ര്യ വ്യാപനം തടയുക, വിനോദങ്ങളിലൂടെയുള്ള വിജ്ഞാന സമ്പാദനം, സംഘബോധം, നേതൃത്വശേഷി, സഹകരണ മനോഭാവം, അവകാശാധിഷ്ഠിത പ്രവർത്തനങ്ങളിലൂടെയുള്ള ജനാധിപത്യ ബോധം, സർഗശേഷി, വ്യക്തി വികാസം, പരിസ്ഥിതി ബോധം തുടങ്ങിയ മൂല്യങ്ങൾ കുട്ടികളിൽ പ്രോത്സാഹിപ്പിക്കുക എന്നതാണ് ബാലസഭയിലൂടെ ലക്ഷ്യം വെക്കുന്നത്.
സിഡിഎസ് ചെയർപേഴ്സൺ കെ.കെ. വിബിന അധ്യക്ഷത വഹിച്ചു. കൗൺസിലർ രജീഷ് വെങ്ങളത്ത് കണ്ടി, സിഡിഎസ് വൈസ് ചെയർപേഴ്സൺമാരായ ആരിഫ , സുധിന, മെമ്പർ സെക്രട്ടറി വി രമിത എന്നിവർ സംസാരിച്ചു.