മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ മുലപ്പാൽ ലഭ്യമല്ലാത്ത നിരവധി പിഞ്ചോമനകൾക്ക് അമ്മമധുരം നുണയാൻ അവസരമൊരുക്കി മുലപ്പാൽ ബാങ്ക്
കോഴിക്കോട്: മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ മുലപ്പാൽ ലഭ്യമല്ലാത്ത നിരവധി പിഞ്ചോമനകൾക്ക് അമ്മമധുരം നുണയാൻ അവസരമൊരുക്കി മുലപ്പാൽ ബാങ്ക്. കോഴിക്കോട് മെഡിക്കൽ കോളജിലെ മുലപ്പാൽ ബാങ്കിൽ ഇതുവരെ 1400ലധികം അമ്മമാരാണ് സ്വന്തം കുഞ്ഞിനെന്ന പോലെ മുലപ്പാൽ ദാനം ചെയ്തത്.
സ്വന്തം കുഞ്ഞിന് അസുഖം കാരണം മുലപ്പാല്‍ കുടിക്കാന്‍ പറ്റാത്ത സാഹചര്യമുള്ള അമ്മമാര്‍ക്കും മുലപ്പാല്‍ ദാനം ചെയ്യാം. ഇതേ ആശുപത്രിയിൽ പ്രസവം കഴിഞ്ഞ അമ്മമാരും ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും ജോലിചെയ്യുന്ന മുലയൂട്ടുന്ന അമ്മമാരുമാണ് മുലപ്പാൽ ബാങ്കിന്റെ മികവിന്റെ പിന്നിൽ.
അമ്മയുടെ രോഗാവസ്ഥ, മരണം, ആവശ്യത്തിന് പാൽ ഉൽപാദനം കുറയുക, പ്രസവം കഴിഞ്ഞശേഷം അമ്മയും കുഞ്ഞും വ്യത്യസ്ത ആശുപത്രികളിൽ കഴിയേണ്ടിവരുന്ന അവസ്ഥ എന്നീ സാഹചര്യങ്ങളിൽ പൂർണമായി അണുമുക്തമാക്കിയ മുലപ്പാൽ കുഞ്ഞുങ്ങൾക്ക് നൽകുന്നതിനാണ് ഈ സംവിധാനം.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആദ്യത്തെ മുലപ്പാല്‍ ബാങ്കാണ് കോഴിക്കോട് മാതൃശിശു കേന്ദ്രത്തില്‍ സ്ഥാപിച്ചത്. 2021 സെപ്റ്റംബറിൽ തുടങ്ങിയ മുലപ്പാൽ ബാങ്ക് ഇതുവരെ 1813 കുഞ്ഞുങ്ങള്‍ക്കാണ് പാൽ നൽകിയത്. 1,26,225 എം.എല്‍ മുലപ്പാല്‍ ശേഖരിച്ചു. 1,16,315 എം.എല്‍ മുലപ്പാല്‍ വിതരണം ചെയ്തു. 1370 എം.എല്‍ കൂടി വിതരണം ചെയ്യാന്‍ തയാറായി.
സ്വന്തം അമ്മയുടെ പാൽ ലഭ്യമല്ലാത്ത കുഞ്ഞുങ്ങൾക്ക് അടുത്തതായി നൽകാവുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് ഹ്യൂമൻ ഡോണർ മിൽക്ക്. നാലോ അഞ്ചോ പേരില്‍നിന്ന് ശേഖരിച്ച പാല്‍ ഒന്നിച്ച് ചേര്‍ത്ത ശേഷം ഏകദേശം 60 ഡിഗ്രി സെന്റിഗ്രേഡില്‍ പാസ്ചറൈസ് ചെയ്യും.
ഇത് സൂക്ഷിക്കാനായി പ്രത്യേകം സജ്ജീകരിച്ച മുറിയും ആവശ്യത്തിന് ഫ്രിഡ്ജും ഡീപ്പ് ഫ്രീസറും മറ്റ് സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ബാക്ടീരിയകളുടെ സാന്നിധ്യമില്ല എന്നുറപ്പിക്കാനുള്ള കള്‍ച്ചര്‍ പരിശോധനകളും നടത്തും.
ഫ്രീസറിനുള്ളില്‍ പാൽ മാസങ്ങളോളം സൂക്ഷിക്കാനാകും. പരിശോധനകള്‍ പൂര്‍ത്തിയായ ശേഷം മാത്രമാണ് പാല്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത്. കേരളത്തിലെ ആദ്യത്തെ മുലപ്പാൽ ബാങ്ക് എറണാകുളം ജനറൽ ആശുപത്രിയിൽ 2021 ഫെബ്രുവരി ആറിനാണ് പ്രവർത്തനം ആരംഭിച്ചത്.
ഇപ്പോൾ കോഴിക്കോട് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ കുട്ടികൾക്ക് മാത്രമേ മുലപ്പാൽ നൽകാൻ കഴിയുന്നുള്ളൂ. ഇവിടെ നിന്ന് മറ്റ് ആശുപത്രികളിലേക്ക് കൂടി അണുമുക്തമാക്കിയ മുലപ്പാൽ എത്തിക്കുക എന്നതാണ് മിൽക് ബാങ്കിന്‍റെ അടുത്ത പ്രവർത്തനമെന്ന് ശിശുരോഗ വിഭാഗം മേധാവി ഡോ. വി.ടി. അജിത്കുമാർ പറഞ്ഞു.
ഇപ്പോൾ ദിവസം തോറും ഏകദേശം 15 അമ്മമാരാണ് പാൽ നൽകുന്നത്. ദാതാക്കളുടെ എണ്ണം കൂടുകയും പ്രദേശിക തലത്തിൽ കൂടി മുലപ്പാൽ സംഭരണകേന്ദ്രങ്ങൾ തുടങ്ങാൻ കഴിയുകയും വേണം. എങ്കിൽ മുലപ്പാൽ ബാങ്കിന്‍റെ ഗുണം കൂടുതൽ കുട്ടികൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളത്.