CRIME
മാത്യു മഞ്ചാടിയിൽ വധക്കേസ്: ജോളിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ നാലാം കേസിലും അറസ്റ്റിലായ മുഖ്യപ്രതി ജോളി എന്ന ജോളിയമ്മ ജോസഫി(47)നെ ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങും. പൊന്നാമറ്റംവീട്ടിൽ അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യു എന്ന എ.എം. മാത്യു (67) കൊല്ലപ്പെട്ട കേസിലാണ് കൊയിലാണ്ടി സി.ഐ. കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജോളിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുക.
മാത്യു കേസിൽ റിമാൻഡ് റിപ്പോർട്ടിനൊപ്പം കസ്റ്റഡി അപേക്ഷയും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിൻ ബേബി മുഖേന ബുധനാഴ്ച സമർപ്പിക്കും. ജോളിയെ കോടതിയിൽ ഹാജരാക്കാനുള്ള പ്രൊഡക്‌ഷൻ വാറന്റിന് താമരശ്ശേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച അനുമതിനൽകി. ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന ജോളിയുടെ അറസ്റ്റ് മാത്യു മഞ്ചാടിയിൽ കേസിൽ പോലീസ് നേരത്തേ രേഖപ്പെടുത്തിയിരുന്നു.
2014 ഏപ്രിൽ 24-ന് രാവിലെ പത്തുമണിക്കാണ് ടോം തോമസിന്റെ ഭാര്യാസഹോദരനായ മാത്യു മരണപ്പെട്ടത്. റോയ് തോമസിന്റെ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റുമോർട്ടം ചെയ്യിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്ന മാത്യുവിനെ ജോളി മദ്യത്തിൽ സയനൈഡ് കലർത്തിനൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. എം.എസ്. മാത്യുവും പ്രജികുമാറും ഈ കേസിൽ യഥാക്രമം രണ്ടും മൂന്നും പ്രതികളാണ്.
അതേസമയം, കൂടത്തായി കൊലപാതക പരമ്പരയിലെ ആൽഫൈൻ വധക്കേസിൽ രണ്ടാം പ്രതി കക്കാവയൽ മഞ്ചാടി വീട്ടിൽ എം.എസ്. മാത്യു എന്ന ഷാജി(44)യെ അറസ്റ്റുചെയ്യാൻ അന്വേഷണസംഘത്തിന് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി അനുമതിനൽകി. തിരുവമ്പാടി സി.ഐ. ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ സുജയ സുധാകരൻ മുഖേനയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് അറസ്റ്റ് അനുമതിക്കുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചത്. കോടതി അനുമതിലഭിച്ച സാഹചര്യത്തിൽ മാത്യുവിന്റെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി പ്രൊഡക്‌ഷൻ വാറന്റിനുള്ള അപേക്ഷ സമർപ്പിക്കും. തുടർന്ന് റിമാൻഡ് റിപ്പോർട്ടിനൊപ്പം കസ്റ്റഡി അപേക്ഷകൂടി നൽകി മാത്യുവിനെ ആൽഫൈൻ കേസിലും കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം.
Comments