മാനന്തവാടി തലപ്പുഴയിൽ വീണ്ടും കാറിന് തീപിടിച്ചു
മാനന്തവാടി തലപ്പുഴയിൽ വീണ്ടും കാറിന് തീപിടിച്ചു. തലപ്പുഴ 44ൽ ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. റോഡ് നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സമീപത്തുണ്ടായിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്നും വെള്ളമുപയോഗിച്ച് നാട്ടുകാര്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കണ്ണൂർ സ്വദേശിയുടെതാണ് കാർ. യാത്രക്കാർ രക്ഷപ്പെട്ടു. കാർ പൂർണമായും കത്തിനശിച്ചു. തീപിടിത്തത്തിന്റ കാരണം വ്യക്തമല്ല.
കഴിഞ്ഞ ചൊവ്വാഴ്ചയും ഇവിടെ കാറിന് തീപ്പിടിച്ചിരുന്നു. അന്ന്, കൊട്ടിയൂർ സ്വദേശികൾ സഞ്ചരിച്ച കാറിന്റെ മുൻഭാഗത്തു നിന്നു പുക ഉയരുന്നത് കണ്ട് സമീപത്തെ കടയോടു ചേർന്ന് ഒതുക്കി നിർത്തി. സമീപത്തെ കടക്കാരും നാട്ടുകാരും ചേർന്നാണു തീ കെടുത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ തൃശ്ശിലേരി കാനഞ്ചേരി മൊട്ടക്ക് സമീപവും കാറിന് തീപിടിച്ചിരുന്നു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ബിജുവും മാതാപിതാക്കളുമാണ് കാറിലുണ്ടായിരുന്നത്. തൃശ്ശിലേരിയിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങിപോകുന്നതിനിടെ കാറിന്‍റെ പിൻഭാഗത്തുനിന്ന് പുക ഉയരുകയായിരുന്നു. ഉടൻ വാഹനം റോഡരികിലേക്ക് ഒതുക്കി നിർത്തി അച്ഛനെയും അമ്മയെയും കാറിൽനിന്ന് പുറത്തിറക്കി ദൂരേക്ക് മാറ്റി നിർത്തുകയായിരുന്നു.
ഇവർ കാറിൽനിന്ന് ഇറങ്ങിയ ഉടനെ തന്നെ കാർ പൂർണമായും കത്തി. കത്തുന്നതിനിടെ കാർ പിന്നോട്ട് നീങ്ങി അരികിലെ മൺതിട്ടയിൽ ഇടിച്ചുനിന്നു. മാനന്തവാടി അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. ടാറ്റ നാനോ കാറാണ് അപകടത്തിൽപ്പെട്ടത്. തിരുനെല്ലി പൊലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. വാഹനമോടിച്ച ബിജുവിന്‍റെ സമയോചിതമായ ഇടപെടൽ കാരണം വൻദുരന്തം ഒഴിവായി.