KERALA
മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിയ 2 പേർ പിടിയില്‍; 5 പേർക്കായി തിരച്ചിൽ
]
തൃശൂര്‍ ∙ മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ചാടിപ്പോയവരില്‍ രണ്ടു പേർ പിടിയില്‍. ഒരു റിമാൻഡ് പ്രതിയും ഒരു അന്തേവാസിയുമാണ് പിടിയിലായത്. ഇനി അഞ്ച് റിമാൻഡ് പ്രതികളാണ് പിടിയിലാകാനുള്ളത്. ഇവർക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ഇവര്‍ വിവിധ ജയിലുകളിലെ തടവുകാരാണ്. പൊലീസുകാരനേയും നഴ്സിനേയും ആക്രമിച്ച് ഏഴ് പേരാണ് ചൊവ്വാഴ്ച രക്ഷപെട്ടത്.
പടിഞ്ഞാറെക്കോട്ടയിൽ ചൊവ്വാഴ്ച രാത്രി 7.30ന് ആണു സംഭവം. ജീവനക്കാരെ സെല്ലിൽ പൂട്ടിയിട്ടും കാവലുണ്ടായിരുന്ന പൊലീസിനെ ആക്രമിച്ചുമാണ് സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നു മനോദൗർബല്യമുള്ള തടവുകാരായ 7 പ്രതികൾ കടന്നുകളഞ്ഞത്. ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും ആസ്ഥാനത്തിന് അടുത്താണ് സംഭവസ്ഥലം. വിയ്യൂർ, മട്ടാഞ്ചേരി, ചിറ്റൂർ എന്നീ ജയിലുകളിൽ നിന്നു റിമാൻഡ് തടവുകാരായി എത്തിയവരാണു കടന്നുകളഞ്ഞത്. മനോദൗർബല്യമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.
രാത്രി ഭക്ഷണം കൊടുക്കാൻ സെല്ലിൽ നിന്നിറക്കിയ 2 പുരുഷ നഴ്സുമാരെ തള്ളിയിട്ട ശേഷം താക്കോൽ കൈവശപ്പെടുത്തി പുറത്തു നിന്നു പൂട്ടുകയായിരുന്നു. ഓടിയെത്തിയ, എആർ ക്യാംപിലെ പൊലീസുകാരൻ രഞ്ജിത്തിനെ മർദിച്ച ഇവർ 3 പവൻ വരുന്ന സ്വർണമാലയും മൊബൈൽ ഫോണും തട്ടിയെടുത്ത ശേഷമാണ് പൂട്ടു തുറന്ന് പുറത്തുകടന്നത്. ഗേറ്റിൽ സുരക്ഷാ ജീവനക്കാരുള്ളതിനാൽ മതിൽ ചാടിയാണിവർ കടന്നത്.
മാനസികാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് സുരക്ഷാ സംവിധാനമുണ്ടായിരുന്നില്ലെന്ന് ആരോപണമുണ്ട്. ചെലവ് ചുരുക്കാൻ രണ്ടു സുരക്ഷാ ജീവനക്കാരെ ഒഴിവാക്കിയിരുന്നു. ആവശ്യത്തിനു സുരക്ഷ ഉറപ്പാക്കണമെന്ന കലക്ടറുടെ നിർദേശം പാലിച്ചില്ല.
Comments