മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി അരലക്ഷം രൂപവരെ പിഴ അല്ലെങ്കില്‍ തടവ്
മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി അരലക്ഷം രൂപവരെ പിഴ. ഇല്ലെങ്കിൽ കോടതിവിചാരണയ്ക്കു വിധേയമായി ജയിൽശിക്ഷ വരും. വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്ന ഹരിത കർമസേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ നഗരസഭാ സേവനങ്ങളും നിഷേധിക്കപ്പെടും. ഇത്തരം വ്യവസ്ഥകളുമായി ‘കേരള മുനിസിപ്പാലിറ്റി നിയമഭേദഗതി’യുടെ കരട് തയ്യാറായി. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഭേദഗതി വരും.
മാലിന്യം വലിച്ചെറിഞ്ഞാൽ ഇപ്പോഴുള്ള 250 രൂപയുടെ തത്സമയപിഴ 5000 ആക്കാനാണ് ശുപാർശ. പരമാവധി 50,000 ആക്കും. മാലിന്യനിർമാർജനത്തിൽ മുനിസിപ്പൽ സെക്രട്ടറിമാർക്ക് കൂടുതൽ അധികാരം നൽകുന്നതാണ് ഭേദഗതി. മുനിസിപ്പാലിറ്റി നിയമം ഭേദഗതിചെയ്തശേഷം വൈകാതെ, പഞ്ചായത്തീരാജ് നിയമത്തിലും ഭേദഗതി നടപ്പാവും. മാലിന്യസംസ്കരണരംഗത്ത് സ്വകാര്യസംരംഭകരെ പ്രോത്സാഹിപ്പിക്കൽ, പദ്ധതിമേൽനോട്ടത്തിന് പ്രത്യേക സമിതി, മാലിന്യസംസ്‌കരണനിധി തുടങ്ങിയവയും നിയമപരമായി ഉറപ്പാക്കും.