മാവോയിസ്റ്റുകളെ ആട്ടിൻകുട്ടികളായി ചിത്രീകരിക്കേണ്ട; അറസ്റ്റിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധത്തിൽ കോഴിക്കോട് രണ്ടു പേരെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം യുഎപിഎ ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദമാക്കി.
മാവോയിസ്റ്റുകളെ ആട്ടിൻകുട്ടികളായി ചിത്രീകരിക്കേണ്ട ആവശ്യമില്ല. അറസ്റ്റിലായ അലന്റെ ബാഗിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖയും പുസ്തകവും കണ്ടെത്തിയിരുന്നു. താഹയുടെ വീട്ടിൽനിന്ന് മാവോയിസ്റ്റ് അനുകൂല പുസ്തകവും ലഭിച്ചിരുന്നതായി അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെ മുഖ്യമന്ത്രി വ്യക്തമാക്കി.
യുഎപിഎ ദുരുപയോഗം ചെയ്യപ്പെടുന്നത് അംഗീകരിക്കില്ല. മാവോയിസ്റ്റ് ബന്ധത്തിൽ അറസ്റ്റിലായവർക്കെതിരേ യുഎപിഎ നിയമം ചുമത്തിയതിൽ സർക്കാർ വ്യക്തമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലല്ല. കീഴടങ്ങാൻ വന്നവരെയല്ല പോലീസ് വെടിവച്ചു കൊന്നതെന്നും മുഖ്യമന്ത്രി വിശദമാക്കി.
നേരത്തേ, യുഎപിഎ അറസ്റ്റിനെതിരേ പ്രതിപക്ഷത്തുനിന്നും തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. ലഘുലേഖ ഉള്ളതുകൊണ്ട് മാത്രം ഒരാൾ മാവോയിസ്റ്റാകില്ലെന്നും കോടതിയുടെ പരിഗണനയിലുള്ള കേസ് എങ്ങനെ പുനപരിശോധിക്കുമെന്നും തിരുവഞ്ചൂർ ചോദിച്ചു.