മാവോയിസ്റ്റ് സാന്നിധ്യം : വനാതിർത്തിയിലെപോലീസ് സ്റ്റേഷനുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നു
താമരശേരി: മാവോയിസ്റ്റ് സാന്നിധ്യത്തെ തുടര്ന്ന് നാലുഭാഗങ്ങളിലും സുരക്ഷാ പോസ്റ്റുകൾ സ്ഥാപിച്ചും ചുറ്റുമതിലിൽ ഉയരത്തിൽ കമ്പിവേലികൾ സ്ഥാപിച്ചും പോലീസ് സ്റ്റേഷനുകളുടെ സുരക്ഷ വർധിപ്പിക്കുന്നു. ആക്രമണമുണ്ടാകുന്നപക്ഷം വെടിയുതിർക്കാൻ വരെ ലക്ഷ്യമിട്ടുള്ളതാണ് സുരക്ഷാ പോസ്റ്റുകൾ. ഇവയുടെ നിർമാണ പ്രവൃത്തികൾ ഇപ്പോൾ താമരശേരി, കോടഞ്ചേരി പോലീസ് സ്റ്റേഷനുകളിൽ ആരംഭിച്ചുകഴിഞ്ഞു.
താമരശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പുതുപ്പാടി, മൈലള്ളാംപാറ, കണ്ണപ്പൻകുണ്ട്, മട്ടിക്കുന്ന്, കക്കാട് തുടങ്ങിയ ഭാഗങ്ങളിൽ പല തവണ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു. ഇവിടത്തെ കോളനിയിൽ മാവോയിസ്റ്റുകളെത്തി ഭക്ഷ്യസാധനങ്ങൾ വാങ്ങി പോയ സംഭവങ്ങൾ പലതവണ റിപ്പോർട്ടും ചെയ്തിരുന്നു. കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്പുകടവ്, നെല്ലിപൊയിൽ, നാരങ്ങാതോട് മേഖലയിലും മാവോയിസ്റ്റുകളെത്തി വസ്തുക്കൾ ശേഖരിക്കുകയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്താൽ ഉടൻ ആ പ്രദേശം മുഴുവൻ ആൻറി മാവോയിസ്റ്റ് ഫോഴ്സായ തണ്ടർബോൾട്ടെത്തി പരിശോധന നടത്തുകയായിരുന്നു പതിവ്. രണ്ടുവർഷം മുമ്പ് വൈത്തിരിയിൽ മാവോവാദി നേതാവ് ജലീൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിറകെയാണ് മാവോയിസ്റ്റ് സാന്നിധ്യമുള്ള വനത്തോട് ചേർന്നുള്ള പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.