മിഠായിത്തെരുവിലെ മലിനജലപ്രശ്നത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
മിഠായിത്തെരുവിലെ മലിനജലപ്രശ്നത്തിന് പരിഹാരം കാണാത്തതിനെതിരെ മനുഷ്യാവകാശകമ്മിഷൻ സ്വമേധയാ കേസെടുത്തു. ഇക്കാര്യത്തെ പറ്റി പരിശോധിച്ച് നഗരസഭാ സെക്രട്ടറി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ജൂൺ 27-ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. മിഠായിത്തെരുവിലെ മലിനജലപ്രശ്നത്തെപ്പറ്റി പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
മലിനജലപ്രശ്നം പരിഹരിക്കണമെങ്കിൽ ഓവുചാലുകളുടെ മുകളിലുള്ള അശാസ്ത്രീയമായ നിർമിതികൾ പൊളിച്ചുമാറ്റണമെന്ന് 2022 ഓഗസ്റ്റിൽ നഗരസഭ തീരുമാനിച്ചിരുന്നു. ഇത് ഇതുവരെയും നടപ്പാലാക്കാൻ കഴിഞ്ഞിട്ടില്ല. ഡി.ടി.പി.സി.യാണ് തെരുവിന്റെ നവീകരണജോലികൾ നിർവഹിച്ചത്. മിഠായിത്തെരുവിലെ കുടിവെള്ള, വൈദ്യുതിപ്രതിസന്ധിയും ഇതുവരെ പരിഹരിച്ചിട്ടില്ല.