മീഡിയ വൺ സംപ്രേഷണ വിലക്ക്; എല്ലാ ഫയലുകളും ഹാജരാക്കാൻ സുപ്രീംകോടതി നിർദ്ദേശം
മീഡിയ വൺ ചാനലിന് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയതിന് കാരണമായ എല്ലാ ഫയലുകളും ഹാജരാക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകി . ചാനല്‍ ഉടമകളായ മാദ്ധ്യമം ബ്രോഡ്കാസ്‌റ്റിങ് ലിമിറ്റഡും എഡിറ്റര്‍ പ്രമോദ് രാമന്‍ ഉള്‍പ്പടെ ചാനലിലെ മൂന്ന് ജീവനക്കാരും നല്‍കിയ ഹരജിയില്‍ ആണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. അടുത്ത ചൊവ്വാഴ്‌ച കോടതി വാദം കേൾക്കുമെന്നും അറിയിച്ചു.
ഹൈക്കോടതി വിധി വന്നതോടെ നിലവിൽ ചാനൽ അടച്ചു പൂട്ടിയിരിക്കുകയാണെന്നും, മുന്നൂറില്‍ അധികം ജീവനക്കാര്‍ക്ക് ശമ്പളം ഉള്‍പ്പടെ നല്‍കുന്നത് പ്രതിസന്ധിയിലാണെന്നും മാദ്ധ്യമം ബ്രോഡ്കാസ്‌റ്റിങ് ലിമിറ്റഡിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയിൽ വ്യക്‌തമാക്കി. അതിനാൽ തന്നെ അടിയന്തിരമായി കോടതിയുടെ ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
തുടർന്നാണ് സംപ്രേഷണ വിലക്ക് ഏർപ്പെടുത്താൻ കാരണമായ എല്ലാ ഫയലുകളും ഹാജരാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചത്. ഫയല്‍ പരിശോധിച്ച ശേഷം സ്‌റ്റേ ആവശ്യത്തില്‍ ഉള്‍പ്പടെ തീരുമാനമെടുക്കുമെന്ന് ജസ്‌റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി.