മുക്കുപണ്ടം വച്ച് തിരുവാഭരണം മോഷ്ടിച്ചു; മുന്‍ മേല്‍ശാന്തി പിടിയില്‍
കൊച്ചി: . വെണ്ണല മാതരത്ത് ദേവീ ക്ഷേത്രത്തിലെ മുന്‍ മേല്‍ശാന്തി അശ്വന്ത് (32) ആണ് പിടിയിലായത്. കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ അശ്വന്ത് ബ്രാഹ്മണ സമുദായത്തില്‍പെട്ടയാളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ക്ഷേത്രങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നതെന്നും ആക്ഷേപമുണ്ട്. പല ക്ഷേത്രങ്ങളിലും ഇയാള്‍ സമാനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വെണ്ണല മാതരത്ത് ദേവീ ക്ഷേത്രത്തില്‍ പുതിയതായി ചുമതലയേറ്റ മേല്‍ശാന്തിക്ക് തിരുവാഭരണങ്ങളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. തിരുവാഭരണത്തിന്റെ പരിശുദ്ധിയില്‍ സംശയം തോന്നി മേല്‍ശാന്തി ക്ഷേത്രഭാരവാഹികളെ വിവരം അറിയിക്കുകയും തുടര്‍ന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അശ്വന്ത് പിടിയിലായത്.
തിരുവാഭരണങ്ങള്‍ മോഷ്ടിച്ചതിന് ശേഷം മുക്കുപണ്ടം ഉപയോഗിച്ച് അതേ രീതിയിലുള്ള തിരുവാഭരണങ്ങള്‍ പണിത് തട്ടിപ്പ് നടത്തുകയാണ് ഇയാളുടെ രീതിയെന്നും പൊലീസ് പറയുന്നു. സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണര്‍ വിയു കുര്യാക്കോസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പാലാരിവട്ടം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സനലും സംഘവുമായിരുന്നു അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.