KERALA

മുഖ്യമന്ത്രിക്ക് കത്തെഴുതി നടി അന്ന ബെൻ;വിദ്യാർഥിയായിരുന്ന കാലം മുഴുവൻ ഈ ബുദ്ധിമുട്ട് ഞാനും അനുഭവിച്ചതാണ്

വൈപ്പിൻകാരുടെ യാത്രാക്ലേശത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതി നടി അന്ന ബെൻ. ‘വൈപ്പിൻകരക്കാരുടെ ചിരകാല സ്വപ്നമായിരുന്ന ഗോശ്രീ പാലങ്ങൾ യാഥാർത്ഥ്യമായിട്ട് 18 വർഷങ്ങൾ തികഞ്ഞു. പാലം വന്നു, ബസ്സുകളും വന്നു. പക്ഷേ വൈപ്പിൻകരക്കാരെ ഇന്നും നഗരത്തിന്റെ പടിവാതിൽക്കൽ നിർത്തിയിരിക്കയാണ്. ഞങ്ങൾ ഹൈക്കോടതിക്കവലയിൽ ബസ്സിറങ്ങി അടുത്ത ബസ് സ്റ്റോപ്പിലേക്ക് നടന്ന് മറ്റൊരു ബസ്സിൽ കയറി വേണം നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്കു പോകുവാൻ. സെന്റ് തെരേസാസിൽ വിദ്യാർഥിയായിരുന്ന കാലം മുഴുവൻ ഈ ബുദ്ധിമുട്ട് ഞാനും അനുഭവിച്ചതാണെന്നും കത്തിൽ പറയുന്നു.

‘ജില്ലയുടെ എല്ലാ ഭാഗത്തുനിന്നും നഗരത്തിലേക്ക് ബസ്സുകൾ വരുന്നു. വൈപ്പിൻ ബസ്സുകൾക്കുമാത്രം നഗരത്തിലേക്കു പ്രവേശനമില്ല.നഗരത്തിലെ ടെക്സ്‌റ്റൈൽ ഷോപ്പുകളിലും മറ്റു വ്യാപാരസ്ഥാപനങ്ങളിലും ജോലിചെയ്യുന്ന കുറഞ്ഞ വരുമാനക്കാരായ ആയിരക്കണക്കിന് സ്ത്രീകൾക്ക് ഇത് അധിക ചെലവാണ്. സ്ഥാപിത താൽപ്പര്യക്കാരും ചില ഉദ്യോഗസ്ഥരും ഉയർത്തുന്ന നിയമത്തിന്റെ നൂലാമാലകൾ, അർപ്പണബോധവും ഉറച്ച തീരുമാനങ്ങളെടുക്കുവാൻ കഴിവുമുള്ള അങ്ങ് നിഷ്പ്രയാസം മറികടക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്, വൈപ്പിൻ ജനതയുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്നതിനു വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. കത്തിന്റെ കോപ്പി ഇൻസ്റ്റഗ്രാമിലും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

അന്ന ബെന്നിന്റെ കത്തിന്റെ പൂർണരൂപം

ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിക്ക്,

വൈപ്പിൻകരയെ വൻകരയുമായി ബന്ധിപ്പിക്കുന്ന ഒരു പാലം എന്നത് ഞങ്ങളുടെ മുൻതലമുറകളുടെ സ്വപ്നത്തിൽപോലും ഇല്ലാതിരുന്ന കാലത്ത് അങ്ങനൊരു സ്വപ്നത്തിന്റെ വിത്ത് വൈപ്പിൻകരയുടെ മനസ്സിൽ പാകിയത് ആ വലിയ മനുഷ്യനാണ്, സഹോദരൻ അയ്യപ്പൻ.

വൈപ്പിൻകരക്കാരുടെ ചിരകാല സ്വപ്നമായിരുന്ന ഗോശ്രീ പാലങ്ങൾ യാഥാർത്ഥ്യമായിട്ട് 18 വർഷങ്ങൾ തികഞ്ഞു. പാലങ്ങൾ വന്നാൽ, അഴിമുഖത്തുകൂടിയുള്ള അപകടം തുറിച്ചുനോക്കുന്ന യാത്രയിൽ നിന്നും ഞങ്ങൾക്ക് മോചനം ലഭിക്കുമെന്നും കൊച്ചി നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ബസ്സിൽ നേരിട്ടെത്താമെന്നും മോഹിച്ചിരുന്നു. പാലം വന്നു, ബസ്സുകളും വന്നു. പക്ഷേ വൈപ്പിൻകരക്കാരെ ഇന്നും നഗരത്തിന്റെ പടിവാതിൽക്കൽ നിർത്തിയിരിക്കയാണ്. ഞങ്ങൾ ഹൈക്കോടതിക്കവലയിൽ ബസ്സിറങ്ങി അടുത്ത ബസ് സ്റ്റോപ്പിലേക്ക് നടന്ന് മറ്റൊരു ബസ്സിൽ കയറി വേണം നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്കു പോകുവാൻ. സെന്റ് തെരേസാസിൽ വിദ്യാർത്ഥിയായിരുന്ന കാലം മുഴുവൻ ഈ ബുദ്ധിമുട്ട് ഞാനും അനുഭവിച്ചതാണ്.

ജില്ലയുടെ എല്ലാ ഭാഗത്തുനിന്നും നഗരത്തിലേക്ക് ബസ്സുകൾ വരുന്നു. വൈപ്പിൻ ബസ്സുകൾക്കുമാത്രം നഗരത്തിലേക്കു പ്രവേശനമില്ല.

നഗരത്തിനുള്ളിൽത്തന്നെയുള്ള വിവിധ സ്ഥലങ്ങളിലെത്തേണ്ടവർ ഹൈക്കോടതി കവലയിൽ ബസ്സിറങ്ങി അടുത്ത ബസ്സിൽ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് വേണ്ടി വരുന്ന അധികച്ചെലവ് പലർക്കും താങ്ങാനാവുന്നതിലുമധികമാണ്. പ്രത്യേകിച്ച് നഗരത്തിലെ ടെക്സ്‌റ്റൈൽ ഷോപ്പുകളിലും മറ്റു വ്യാപാരസ്ഥാപനങ്ങളിലും ജോലിചെയ്യുന്ന കുറഞ്ഞ വരുമാനക്കാരായ ആയിരക്കണക്കിന് സ്ത്രീകൾക്ക്.

വൈപ്പിൻ ബസ്സുകളുടെ നഗരപ്രവേശം നേടിയെടുക്കുന്നതിനായി വൈപ്പിൻ നിവാസികൾ കഴിഞ്ഞ 18 വർഷമായി നിരന്തര സമരത്തിലാണ്. വൈപ്പിൻ ബസ്സുകൾക്ക് നഗരപ്രവേശം അനുവദിക്കണോ എന്ന കാര്യത്തിൽ നാറ്റ്പാക് ഒരു പഠനം നടത്തി റിപ്പോർട്ട് നൽകിയിട്ടുണ്ട്. റിപ്പോർട്ട് നഗരപ്രവേശത്തിന് അനുകൂലമാണെന്ന് അറിയുന്നു. മാത്രമല്ല, വൈപ്പിൻ ബസ്സുകൾ നഗരത്തിൽ പ്രവേശിച്ചാൽ, വൈപ്പിനിൽ നിന്നും ദിവസവും നഗരത്തിലേക്കു വന്നുകൊണ്ടിരിക്കുന്ന കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും എണ്ണത്തിൽ സാരമായ കുറവുണ്ടാവുമെന്നും തന്മൂലം നഗരത്തിലെ വാഹനത്തിരക്ക് കുറയാനാണിടയെന്നും റിപ്പോർട്ട് പറയുന്നു.

വൈപ്പിൻകരയോടുള്ള അവഗണന ഒരു തുടർക്കഥയായി മാറുന്നു.

സ്ഥാപിത താൽപ്പര്യക്കാരും ചില ഉദ്യോഗസ്ഥരും ഉയർത്തുന്ന നിയമത്തിന്റെ നൂലാമാലകൾ, അർപ്പണബോധവും ഉറച്ച തീരുമാനങ്ങളെടുക്കുവാൻ കഴിവുമുള്ള അങ്ങ് നിഷ്പ്രയാസം മറികടക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്, വൈപ്പിൻ ജനതയുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്നതിനു വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം,അന്നാബെൻ

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button