മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും
ലൈഫ് മിഷന്‍ അഴിമതിയിലെ കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കേസില്‍ രവീന്ദ്രനെ ഇഡി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറോളം ചോദ്യം ചെയ്തതിൽ രവീന്ദ്രന്‍ നല്‍കിയ ഉത്തരങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും വിളിപ്പിക്കുന്നത്.
അതേസമയം സിപിഎമ്മും സര്‍ക്കാരും നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ ഇടത് മുന്നണിയുടെ അടിയന്തിര യോഗം തിരുവനന്തപുരത്ത് വൈകിട്ട് മൂന്നരയ്ക്ക് എ കെ ജി സെന്ററിലാണ് നടക്കും. സര്‍ക്കാര്‍ പദ്ധതികളുടെ അവലോകനവും സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികളുമാണ് അജണ്ടയിലെങ്കിലും ലൈഫ്മിഷന്‍ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴച്ചത് തുടങ്ങി ബ്രഹ്മപുരത്തെ അഴിമതി ആക്ഷേപങ്ങള്‍ വരെ ചര്‍ച്ച ആയേക്കും.
ഒരിടവേളയ്ക്ക് ശേഷം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സംസ്ഥാനത്ത് വീണ്ടും ശക്തമാകുന്ന സാഹചര്യവും യോഗം ചര്‍ച്ച ചെയ്യും. ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ യോഗത്തില്‍ പങ്കെടുക്കും.