മുചുകുന്ന് കടുക്കുഴിച്ചിറ നവീകരണംലക്ഷ്യം വെള്ളപ്പൊക്ക നിയന്ത്രണം; നിർമ്മാണം മൂന്നിലൊന്ന് നികത്തി
കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഉണ്ടായേക്കാവുന്ന പ്രളയജലത്തെ നിയന്ത്രിച്ച് നിർത്തുക എന്ന ലക്ഷ്യത്തോടുകൂടി കേരള ലാൻഡ് ഡെവലപ്മെൻറ് കോർപ്പറേഷന്റെ നേതൃത്വത്തിൽ മുചുകുന്നിൽ ആരംഭിച്ച കടുകുഴിച്ചിറ നവീകരണ പ്രവർത്തി ലക്ഷ്യത്തിന് വിപരീതമായി ചിറയുടെ 4.95 ഏക്കറിൽനിന്ന് 1.46ഏക്കർ നികത്തിയാണ് നിർമ്മാണ പ്രവർത്തി നടക്കുന്നത്.
നികത്തുന്നസ്ഥലത്ത് സാംസ്കാരിക പരിപാടികൾ നടത്താനുള്ള തുറന്ന വേദി,കുട്ടികൾക്കുള്ള പാർക്ക്, പ്രഭാത സവാരിക്കുള്ള നടപ്പാത, ജിംനേഷ്യം, പച്ചക്കറി, പൂ കൃഷി എന്നിവയ്ക്കാണ് മാറ്റിവെക്കുന്നത്. പ്രസ്തുത നിർമ്മാണ പ്രവർത്തി നെൽവയൽനീർത്തട സംരക്ഷണ നയമത്തിന് വിരുദ്ധമാണെന്നും ഇവയുടെ നിർമ്മാണം പൂർത്തിയാക്കുന്നതോടുകൂടി ബാക്കിവരുന്ന പ്രദേശത്തെ നെൽവയൽ നികത്തുന്നതിന് ഇത് പ്രേരണയായി തീരും. മുചുകുന്ന് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ചിറ കെട്ടി സംരക്ഷിക്കുന്നതിന് മാത്രമാണ് കൈമാറിയത്. ചിറ ഉൾപ്പെടുന്ന വയൽ പ്രദേശത്തിൻറെ കരയിൽ തന്നെ ഏക്കർ കണക്കിന് കാടുപിടിച്ചു കിടക്കുന്ന തരിശുഭൂമി ദേവസ്വത്തിന്റേതായി നിലവിലുണ്ട്.
പ്രസ്തുത പ്രോജക്റ്റിന്റെ ലക്ഷ്യത്തിന് വിപരീതമായി ചിറ നികത്തുന്നത് പ്രദേശമാകെ കൂടുതൽ വെള്ളപ്പൊക്കത്തിനും പ്രദേശത്തെ നിലവിലുള്ള പാരിസ്ഥികാവസ്ഥയെ തകിടം മറക്കുന്നതിനും ഇടയാകും. കടുകുഴിച്ചിറ നികത്താതെ മുഴുവൻ ഭാഗങ്ങളും കെട്ടി സംരക്ഷിക്കുക, പ്രോജക്ടിന്റെ ലക്ഷ്യത്തിനും വിരുദ്ധവും, നിയമവിരുദ്ധവുമായ നിർമ്മാണ പ്രവർത്തികളിൽ നിന്ന് പിന്മാറി പ്രോജക്റ്റിന്റെ ലക്ഷ്യത്തിന് അനുസൃതമായി നിർമ്മാണത്തിലൂടെ കടുക്കുഴി ചിറയുടെ സംരക്ഷണ പ്രവർത്തി എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് സിപിഐ മുചുകുന്ന് ബ്രാഞ്ച് കമ്മിറ്റി പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു. പി കെ മനോജ് അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി സന്തോഷ് കുന്നുമ്മൽ, ബ്രാഞ്ച് സെക്രട്ടറി എ ടി വിനീഷ്, പി ഉണ്ണികൃഷ്ണൻ, എ ടി രവി, സി കെ യൂസഫ് എന്നിവർ സംസാരിച്ചു.