മുചുകുന്ന് കടുക്കുഴിച്ചിറ നവീകരണ പ്രവർത്തി, ലക്ഷ്യത്തിന് വിഘാതമായി നിലം നികത്തലായി മാറുകയാണെന്ന സി പി ഐ യുടെ ആക്ഷേപം നിഷേധിച്ച് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ
കൊയിലാണ്ടി: കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഉണ്ടായേക്കാവുന്ന പ്രളയജലത്തെ നിയന്ത്രിച്ച് നിർത്തുക എന്ന ലക്ഷ്യത്തോടുകൂടി, കേരള ലാൻഡ് ഡെവലപ്മെൻറ് കോർപ്പറേഷന്റെ നേതൃത്വത്തിൽ മുചുകുന്നിൽ ആരംഭിച്ച കടുക്കുഴിച്ചിറ നവീകരണ പ്രവർത്തി ലക്ഷ്യത്തിന് വിപരീതമായി ചിറയുടെ നാലിലൊന്ന് ഭൂമി (1.46ഏക്കർ) നികത്തുന്ന പദ്ധതിയായി മാറിയെന്ന, സി പി ഐ മുചുകുന്ന് ബ്രാഞ്ചിന്റെ ആരോപണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ അറിയിച്ചു.
നിലം നികത്താൻ ഉദ്ദേശിച്ചിട്ടില്ല. കടുക്കുഴിച്ചിറ കാണുന്ന ആർക്കുമറിയാവുന്നത് പോലെ, ഈ ജലാശയം കൃത്യമായ ആകൃതിയിലല്ല ഇപ്പോഴുള്ളത്. അതിന് ഒരു ആകൃതി നൽകുക മാത്രമാണ് ഉദ്ദേശിക്കുന്നത്. അപ്പോൾ കരയായി മാറുന്ന സ്ഥലത്ത് ചില സൗന്ദര്യവൽക്കരണ നടപടികൾ നടത്തും. ഇപ്പോഴുള്ള കടുക്കുഴിച്ചിറയുടെ സംഭരണ ശേഷി ഇരട്ടിയാക്കാവുന്ന വിധം ചിറയിലെ ചളിയും മാലിന്യവും നീക്കി ആഴം വർദ്ധിപ്പിക്കും. ഇക്കാര്യങ്ങളൊക്കെ സംസ്ഥാന കൃഷി മന്ത്രി പി പ്രസാദിന്റെ സന്ദർശനത്തിന് മുന്നോടിയായി വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിന്റെ മുമ്പിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയിട്ടുള്ളതുമാണ്. പ്രദേശത്തിന്റെ പുരോഗതിക്കും വെള്ളപ്പൊക്ക നിയന്ത്രണത്തിനും ഉപയുക്തമായ ഒരു പദ്ധതി വിവാദത്തിൽ അകപ്പെടുത്തി തകർക്കരുതെന്നും പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാർ അഭ്യർത്ഥിച്ചു.
നികത്തുന്നസ്ഥലത്ത് സാംസ്കാരിക പരിപാടികൾ നടത്താനുള്ള തുറന്ന വേദി,കുട്ടികൾക്കുള്ള പാർക്ക്, പ്രഭാത സവാരിക്കുള്ള നടപ്പാത, ജിംനേഷ്യം, പച്ചക്കറി, പൂകൃഷി എന്നിവയ്ക്കാണ് മാറ്റിവെക്കുന്നതെന്നും ഇത് നെൽവയൽ -നീർത്തട – സംരക്ഷണ നയമത്തിന് വിരുദ്ധമാണെന്നും ഇവയുടെ നിർമ്മാണം പൂർത്തിയാക്കുന്നതോടുകൂടി ബാക്കിവരുന്ന പ്രദേശത്തെ നെൽവയലുകൾ നികത്തുന്നതിന് ഇത് പ്രേരണയായി തീരുമെന്നുമായിരുന്നു ഭരണകക്ഷി കൂടിയായ സി പി ഐയുടെ ആരോപണം.
മുചുകുന്ന് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ചിറ, കെട്ടി സംരക്ഷിക്കുന്നതിന് മാത്രമായാണ് പഞ്ചായത്തിന് കൈമാറിയതെന്നും മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന വിധത്തിൽ,ചിറ ഉൾപ്പെടുന്ന വയൽ പ്രദേശത്തിന്റെ കരയിൽ തന്നെ ഏക്കർ കണക്കിന് കാടുപിടിച്ചു കിടക്കുന്ന തരിശുഭൂമി ദേവസ്വത്തിന്റേതായി നിലവിലുണ്ടെന്നും സി പി ഐ ചൂണ്ടിക്കാട്ടുന്നു.
പ്രസ്തുത പ്രോജക്റ്റിന്റെ ലക്ഷ്യത്തിന് വിപരീതമായി ചിറ നികത്തുന്നത് പ്രദേശമാകെ കൂടുതൽ വെള്ളപ്പൊക്കത്തിനും പ്രദേശത്തെ നിലവിലുള്ള പാരിസ്ഥിതിക സന്തു തിലാതാവസ്ഥയെ തകിടം മറക്കുന്നതിനും ഇടയാക്കും. കടുക്കുഴിച്ചിറ നികത്താതെ മുഴുവൻ ഭാഗങ്ങളും കെട്ടി സംരക്ഷിക്കുക, പ്രോജക്ടിന്റെ ലക്ഷ്യത്തിനും വിരുദ്ധവും, നിയമവിരുദ്ധവുമായ നിർമ്മാണ പ്രവർത്തികളിൽ നിന്ന് പിന്മാറുക. പ്രോജക്റ്റിന്റെ ലക്ഷ്യത്തിന് അനുസൃതമായ നിർമ്മാണങ്ങളിലൂടെ കടുക്കുഴി ചിറയുടെ സംരക്ഷണ പ്രവർത്തി എത്രയും പെട്ടെന്ന് പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സിപിഐ മുചുകുന്ന് ബ്രാഞ്ച് പ്രമേയത്തിലൂടെ മുന്നോട്ടുവെച്ചത്.