DISTRICT NEWS

മുന്‍ ഡി.സി.സി പ്രസിഡന്റ് യു. രാജീവന്‍ അന്തരിച്ചു


കൊയിലാണ്ടി: മുന്‍ കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പുളിയഞ്ചേരി ഉണിത്രാട്ടില്‍ യൂ.രാജീവന്‍(68) അന്തരിച്ചു. അർബുദ ബാധയെ തുടർന്നുള്ള ചികിത്സക്കിടെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ചികില്‍സയിലായിരിക്കെ വെളളിയാഴ്ച പുലര്‍ച്ച നാലരയോടെയായിരുന്നു അന്ത്യം.കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ രാജീവന്‍ പുളിയഞ്ചേരി സൗത്ത് എല്‍.പി. സ്‌കൂളിലെ അധ്യാപകനായിരിക്കെ സ്വയം വിരമിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകുകയായിരുന്നു. സൗമ്യതയും സജീവതയും മുഖമുദ്രയാക്കിയാണ് സംഘടനംഗത്ത് കഴിവുതെളിയിച്ചത്. യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി, സംസ്ഥാന നിര്‍വഹാക സമിതി അംഗം, കൊയിലാണ്ടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, യു.ഡി.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ജനറല്‍ കണ്‍വീനര്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണബാങ്ക് എന്നിവയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍, പിഷാരികാവ് ദേവസ്വം മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഉണിത്രാട്ടില്‍ പരേതായ കുഞ്ഞിരാമന്‍ നായരുടെയും ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: എന്‍.ഇന്ദിര (റിട്ട.അധ്യാപിക,കൊല്ലം ജി.എം.എല്‍.പി സ്‌കൂള്‍). മക്കള്‍: യൂ.ആര്‍.രജീന്ദ് (സോഫ്റ്റ് വേര്‍ എഞ്ചിനിയര്‍ ,ഐ.ടി.കമ്പനി ബംഗലൂര്), ഡോ.യു.ആര്‍.ഇന്ദുജ (ആയുര്‍വേദ ഡോക്ടര്‍,കൊയിലാണ്ടി).സഹോദരങ്ങള്‍: ശ്രീധരന്‍(റിട്ട മര്‍ച്ചന്റ് നേവി),ഇന്ദിര,മുരളീധരന്‍(വിക്ടറി കൊയിലാണ്ടി),സുമതി,യൂ.ഉണ്ണികൃഷ്ണന്‍(മാതൃഭൂമി കൊയിലാണ്ടി ലേഖകന്‍,റിട്ട.അധ്യാപകന്‍ മുചുകുന്ന് യൂ.പി സ്‌കൂള്‍)
കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം,കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു യൂ.രാജീവന്‍. രണ്ടു തവണ കൊയിലാണ്ടി നഗരസഭ കൗണ്‍സിലറായിരുന്നു.
കോണ്‍ഗ്രസ്സിന്റെ ജില്ലയിലെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു യൂ.രാജീവന്‍. ലോക്‌സഭ,നിയമ സഭാ തിരഞ്ഞെടുപ്പുകളില്‍ യൂ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായും,കണ്‍വീനറായും നിരവധി തവണ പ്രവര്‍ത്തിച്ചു. വടകര ലോക്‌സഭാ യൂ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ കണ്‍വീനറെന്ന നിലയില്‍ നിരവധി തവണ പ്രവര്‍ത്തിച്ചു. കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വളര്‍ച്ചയിലും നിര്‍ണ്ണായക പങ്ക് വഹിച്ചു. ബാങ്കിന്റെ ശാഖകള്‍ വിവിധയിടങ്ങളില്‍ സ്ഥാപിക്കാനും മുന്‍കൈ എടുത്തു.കൊയിലാണ്ടി നഗരസഭ കൗണ്‍സിലറായും രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കെ.ദാസന്‍ ചെയര്‍മാനായിരിക്കെ സ്ഥിരം സമിതി അധ്യക്ഷനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
മൃതദേഹം രാവിലെ ഒന്‍പ്ത് മണിക്ക് കോഴിക്കോട് ഡി.സി.സി ഓഫീസില്‍ പൊതു ദര്‍ശനത്തിന്വെക്കും. തുടര്‍ന്ന് വിലാപയാത്രയായി കൊയിലാണ്ടി ടൗണ്‍ഹാളിലേക്ക് കൊണ്ടു വരും. ടൗണ്‍ഹാളില്‍ പൊതുദര്‍ശനം ഉണ്ടാവും. രണ്ട് മണിയ്ക്ക് വീട്ടു പറമ്പില്‍ സംസ്‌ക്കാരം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button