മുൻഗണനാ കാര്‍ഡുകൾ കൈവശം വയ്ക്കുന്ന അനര്‍ഹര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഭക്ഷ്യമന്ത്രി
മുന്‍ഗണന കാര്‍ഡ് കൈവശം വയ്ക്കുന്ന അനര്‍ഹര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനിൽ മുന്നറിയിപ്പ് നൽകി. ഇത്തരം ആളുകളോട് യാതൊരു അനുകമ്പയും പുലര്‍ത്തേണ്ടതില്ലെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. കൊച്ചിയില്‍ സിറ്റി റേഷനിങ്, താലൂക്ക് സപ്ലൈ ഓഫീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ടായിരത്തോളം പേര്‍ക്കെതിരെയുള്ള പരാതികള്‍ സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്ന അനർഹർക്ക് കാർഡുകൾ തരം മാറ്റുന്നതിനായി 10 മാസത്തെ സമയം നൽകിയിരുന്നു. 1,72,312 പേരാണ് സ്വയം സന്നദ്ധരായി കാർഡ് തരംമാറ്റിയത്. മുൻഗണന കാർഡുകൾ കൈവശം വച്ചിട്ടുള്ള അനർഹർക്കെതിരെയുള്ള നിയമ നടപടി വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. 8,000 പേർക്കെതിരെയുള്ള പരാതികൾ വകുപ്പിന്റെ പരിഗണനയിലാണ്. 1.27 കോടി രൂപയാണ് ഇതുവരെ പിഴയിനത്തിൽ ഈടാക്കിയതെന്നും മന്ത്രി പറഞ്ഞു.
കെ ജെ മാക്സി എം എൽ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം എൽ എമാരായ കെ ബാബു, കെ എൻ ഉണ്ണികൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഡോ. ഡി സജിത്ത് ബാബു, ഡെപ്യൂട്ടി മേയർ കെ എ അൻസിയ, ട്രീസ മാനുവൽ, ബേബി തമ്പി, എം ഹബീബുള്ള, ബി ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.