KOYILANDILOCAL NEWS

മൂടാടി ഗ്രാമപഞ്ചായത്ത്  രണ്ടാം വാർഷികം; വിവിധ പദ്ധതികൾ നാടിന് സമർപ്പിച്ചു

മൂടാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതി രണ്ടാം വാർഷികത്തിൻ്റ ഭാഗമായി വിവിധ പദ്ധതികൾ നാടിന് സമർപ്പിച്ചു. പഞ്ചായത്തിൽ നടപ്പിലാക്കുന്ന പ്രധാന പദ്ധതിയായ ജി.ഐ.എസ് മാപ്പിംഗിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഡ്രോൺ പറത്തി നിർവ്വഹിച്ചു.

പഞ്ചായത്തിൻ്റെ മുഴുവൻ വിവരങ്ങളും പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്താൽ സർവേ ചെയ്യുന്ന പദ്ധതിയാണിത്. പൊതു സ്വകാര്യ ആസ്തികൾ, പ്രകൃതി വിഭവങ്ങൾ, സാമൂഹ്യ സാമ്പത്തിക വിവരങ്ങൾ, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ തുടങ്ങി ഭാവി വികസനത്തെ മുൻകൂട്ടി കണ്ടുകൊണ്ടുള്ള അടിസ്ഥാന വിവര ശേഖരണ പ്രക്രിയയാണ് ജി.ഐ.എസ് മാപ്പിങ്ങിലൂടെ സാധ്യമാവുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്.

രണ്ടാം വാർഷികത്തിൻ്റെ ഭാഗമായി പൂർത്തികരിച്ച പദ്ധതികളായ കുടുബാരോഗ്യ കേന്ദ്രത്തിൻ്റ നന്തി സബ്സെൻ്റർ പുതിയ കെട്ടിടം, ജെൻ്റർ റിസോഴ്സ് സെൻറർ കെട്ടിട ഉദ്ഘാടനം, കുടുംബാരോഗ്യ കേന്ദ്രം ഒന്നാം നില പ്രവർത്തനസജ്ജമാക്കൽ, ബഡ്സ് സ്കൂൾ ശിലാസ്ഥാപനം, ജില്ലാ പഞ്ചായത്ത് പട്ടികജാതി വനിത വ്യവസായ സമുച്ചയം കെട്ടിടം പ്രവൃത്തി ആരംഭിക്കൽ, ഹരിത കർമസേനക് ഇ-വാഹനം, പാലക്കുളം ബസ് സ്റ്റോപ് ബിൽഡിംഗ്, പഞ്ചായത്ത് ഓഫീസിൽ വനിത കിയോസ്ക് സ്ഥാപിക്കൽ, സംരഭക മീറ്റ് , വിവിധ വാർഡുകളിലെ റോഡുകളുടെ ഉദ്ഘാടനം, മത്സ്യഭവൻ സി.ഡി.എസ് ഓഫീസ് നവീകരണം, -ഗ്രാമ പഞ്ചായത്ത് ഹാൾ പുതുക്കി പണിയൽ , നന്തിയിൽ വയോജന പാർക്, ഹോം വാട്ടർ സർവ്വീസ്, വനിതകൾക് യോഗ പരിശീലനം, മെൻസ്ട്രുവൽ കപ്പ് വിതരണം, ക്രാഡിൽ അങ്കണവാടികൾ തുടങ്ങി വിവിധ പദ്ധതികളും നാടിന് സമർപ്പിച്ചു.

പഞ്ചായത്ത്  വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.കെ.ഭാസ്കൻ, എം.പി അഖില, മെമ്പർമാരായ പപ്പൻ മൂടാടി, റഫീഖ് പുത്തലത്ത്, ബ്ലോക്ക് മെമ്പർ സുഹ്‌റ ഖാദർ, വിവിധ പാർട്ടി നേതാക്കളായ കെ.സത്യൻ , രജീഷ് മാണികോത്ത്, ചേനോത്ത് ഭാസ്കരൻ മാസ്റ്റർ, അസിസ്റ്റൻ്റ് എഞ്ചിനീയർ ശ്രീനാഥ്, യു.എൽ.സി.സി.എസ് കോഡിനേറ്റർ ജെയ്സൽ മംഗലശേരി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ.രഘുനാഥ് എന്നിവർ  സംസാരിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.കെ. മോഹനൻ സ്വാഗതവും സെക്രട്ടറി എം.ഗിരീഷ് നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button