MAIN HEADLINES

മൂന്നാം തരംഗം കരുതിയിരിക്കുക. കുട്ടികളിൽ തീവ്രത കുറയാം

രാജ്യം കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെങ്കിലും ഭൂരിഭാഗം കുട്ടികളിലും കോവിഡിനെതിരായ ആന്റീബോഡി രൂപപ്പെട്ടിട്ടുണ്ടെന്ന് ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ (പിജിഐഎംഇആര്‍) ഡയറക്ടര്‍ ഡോ. ജഗത് റാം. അതിനാല്‍ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണ് നമ്മള്‍. 27,000 കുട്ടികളില്‍ പിജിഐഎംഇആര്‍ നടത്തിയ പഠനത്തില്‍ 70 ശതമാനം പേരിലും കോവിഡ് ആന്റിബോഡി കണ്ടെത്തി. കുട്ടികളെ മൂന്നാം തരംഗം വല്ലാതെ ബാധിക്കില്ലെന്നാണ് ഇത് കാണിക്കുന്നത്.’ – ഡോ. ജഗത് റാം പറഞ്ഞു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും നടത്തിയ സിറോ സര്‍വേയില്‍ 50 മുതല്‍ 75 ശതമാനം വരെ കുട്ടികളില്‍ കോവിഡിനെതിരായ ആന്റിബോഡി കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ഇതിനിടെ മൂന്നാം തരംഗത്തില്‍ ജാഗ്രത വേണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതാധികാര സമിതി മുന്നറിയിപ്പ് നല്‍കി.

’69 ശതമാനം മുതല്‍ 73 ശതമാനം വരെ കുട്ടികളില്‍ കോവിഡിനെതിരായ ആന്റിബോഡി രൂപപ്പെട്ടിട്ടുണ്ട്. ശതരാശരി 71 ശതമാനം പേരില്‍ ആന്റിബോഡി ഉണ്ടായിട്ടുണ്ട്. കുട്ടികള്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കിത്തുടങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഈ ആന്റിബോഡികള്‍ കോവിഡ് മൂലം രൂപപ്പെട്ടതാണ്.

എന്നാല്‍ മൂന്നാം തരംഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്നത് താമസിച്ചേക്കുമെന്നും പിജിഐഎംഇആര്‍ ഡയറക്ടര്‍ അഭിപ്രായപ്പെടുന്നു. ജനങ്ങള്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം തരംഗം നിലനിൽക്കയാണ്. ഇതിൽ കുട്ടികള്‍ കോവിഡ് ബാധിതരാകുന്നത് വര്‍ധിച്ചിട്ടുണ്ട്. മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഒന്നു മുതല്‍ 10 വയസുവരെയുള്ള കുട്ടികളില്‍ രോഗികളുടെ ശതമാനം വര്‍ധിച്ചു. മാര്‍ച്ചിലെ 2.8 ശതമാനത്തില്‍ നിന്ന് ഓഗസ്റ്റായപ്പോള്‍ ഇത് 7.04 ശതമാനമായാണ് വർധിച്ചത്. നൂറ് രോഗികളില്‍ 7 പേര്‍ കുട്ടികളാകുന്ന സാഹചര്യത്തിലേക്ക് കുട്ടികള്‍ എത്തിയിരിക്കുന്നു.  ജാഗ്രത പാലിച്ചാല്‍ വ്യാപനവും കാഠിന്യവും കുറയ്ക്കാം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button