മൂന്നാം സൈറണ്‍ മുഴങ്ങി; മണ്ണിലമര്‍ന്ന് നിയമലംഘനത്തിന്റെ ‘ ഹോളി ഫെയ്ത്ത്

ഒന്‍പതുമണിയോടെ തന്നെ പരിസരത്തെ മുഴവന്‍ ജനങ്ങളേയും മാറ്റിയിരുന്നു. സംസ്ഥാനത്തിന്റെ വടക്കേ അറ്റത്ത് നിന്നുപോലും നിര്‍മാണങ്ങള്‍ പൊളിക്കുന്നത് നേരിട്ട് കാണുന്നതിനായി നിരവധി പേര്‍ പ്രദേശത്ത് തമ്പടിച്ചിരുന്നു. നേവിസംഘം ഹെലിക്കോപ്റ്ററില്‍ അടക്കം നിരീക്ഷണം നടത്തി. തേവര-കുണ്ടന്നൂര്‍ റോഡിലും ദേശീയ പാതയിലും 10.55 മുതല്‍ ഗതാഗത നിരോധനവും ഏര്‍പ്പെടുത്തി.
കായലിലൂടെ ബോട്ടടക്കം യാത്ര ചെയ്യുന്നത് പൂര്‍ണമായി നിരോധിച്ചു. കായലിന്റെ സുരക്ഷാചുമതലയടക്കം പൊലീസ് ഏറ്റെടുത്തു.പൊലീസ് വിവിധ ഇടങ്ങളില്‍ ശക്തമായ പരിശോധന തുടരുകയാണ്. അതേസമയം ഡ്രോണുകള്‍ പറത്തിയാല്‍ വെടിവെച്ചിടുമെന്ന് പൊലീസ് പറഞ്ഞു.
ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയുമെല്ലാം ഭാഗമായി ലോകമാകെ നേരിടുന്ന പ്രശ്നങ്ങളുടെകൂടി പശ്ചാത്തലത്തിലാണ് ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയ സുപ്രീംകോടതി വിധിയുണ്ടായത്. തീരദേശ പരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച പാര്‍പ്പിടസമുച്ചയങ്ങള്‍ പൊളിച്ചുനീക്കാതെയുള്ള ഒരു പരിഹാരത്തിനും കോടതി തയ്യാറായില്ല.
2019 മെയ് എട്ടിലെ സുപ്രീംകോടതി വിധിക്കുശേഷം ഫ്‌ളാറ്റ് ഉടമകള്‍ ഉള്‍പ്പെടെ വിവിധ ഹര്‍ജിയുമായി സമീപിച്ചെങ്കിലും കോടതി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. വിധി നടപ്പാക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ആരാഞ്ഞ് സംസ്ഥാന ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തിയ സന്ദര്‍ഭം പോലുമുണ്ടായി.
കാലമെത്ര കഴിഞ്ഞാലും നിയമലംഘനങ്ങള്‍ ചോദ്യം ചെയ്യപ്പെടുമെന്നതിനുള്ള ഉദാഹരണമായി മാറുകയാണ് മരടിലെ ഫ്‌ളാറ്റുകള്‍ക്കുമേലുണ്ടായ സുപ്രീംകോടതി ഉത്തരവ്. രാജ്യത്ത് പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്നതിന്റെ ഓര്‍മപ്പെടുത്താല്‍ കൂടിയായി മാറുകയായിരുന്നു സുപ്രധാനമായ കോടതി വിധി.