Uncategorized

ഷെറിന്റെ കൊലപാതകം: വളർത്തച്ഛൻ വെസ്‌ലി മാത്യൂസിന് ജീവപര്യന്തം തടവ്

 

ടെക്സാസ് > ഹൂസ്റ്റണിൽ മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട കേസിൽ വളര്‍ത്തച്ഛനും മലയാളിയുമായ വെസ്ലി മാത്യൂസിന് ഡാലസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 30 വര്‍ഷത്തിനു ശേഷം മാത്രമേ ഇയാള്‍ക്ക് പരോളിന് അര്‍ഹതയുണ്ടാവൂ.

മലയാളി ദമ്പതിമാരായ സിനി മാത്യൂസിന്റെയും വെസ്ലി മാത്യൂസിന്റെയും ദത്തുപുത്രിയായിരുന്നു ഷെറിന്‍. 2016-ല്‍ ബിഹാറിലെ അനാഥാലയത്തില്‍നിന്നാണ് കേരളത്തില്‍നിന്നുള്ള ദമ്പതിമാര്‍ കുട്ടിയെ ദത്തെടുത്തത്. ഈസമയം നാലുവയസ്സുള്ള മറ്റൊരു കുഞ്ഞും ഇവര്‍ക്കുണ്ടായിരുന്നു.

2017 ഒക്ടോബര്‍ ഏഴിനാണ് ടെക്സസിലെ റിച്ചാര്‍ഡ്സണിലുള്ള വീട്ടില്‍നിന്ന് ഷെറിനെ കാണാതായെന്നുകാട്ടി വെസ്ലി പോലീസില്‍ പരാതി നല്‍കുന്നത്. പാലുകുടിക്കാത്തതിന് വീടിന് പുറത്തുനിര്‍ത്തിയ കുട്ടിയെ മിനിറ്റുകള്‍ക്കകം കാണാതായെന്നായിരുന്നു മൊഴി. എന്നാല്‍, രണ്ടാഴ്ചയ്ക്കുശേഷം വീടിന്റെ അരക്കിലോമീറ്റര്‍ അകലെയുള്ള ചാലില്‍നിന്ന് കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു.  കുട്ടിയുടെ ദേഹത്ത് മുറിവുകളും ഒടിവുകളും കണ്ടതാണ് അന്വേഷണ ഉദ്യോഗസ്ഥരെ സംശയത്തിലാക്കിയത്. ഇതോടെ ദമ്പതിമാരുടെ പേരില്‍ കേസെടുക്കുകയായിരുന്നു.

കുട്ടിയെ കാണാതാകുന്നതിന് തൊട്ടുമുമ്പത്തെ രാത്രി സ്വന്തംകുഞ്ഞിനെയും കൊണ്ട് ദമ്പതിമാര്‍ പുറത്തുപോകുമ്പോള്‍ ദത്തുപുത്രിയെ വീട്ടില്‍ ഒറ്റയ്ത്തുനിര്‍ത്തിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

വധശിക്ഷാ കുറ്റമാണ് ചുമത്തിയിരുന്നതെങ്കിലും പാല് കൊടുക്കുന്നതിനിടെ കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നുവെന്നാണ് വെസ്ലി കോടതിയില്‍ പറഞ്ഞത്. രണ്ടാഴ്ചയ്ക്കു ശേഷമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. കുട്ടിയുടെ ആന്തരികാവയവങ്ങള്‍ പുഴു തിന്നു തീര്‍ത്തതിനാല്‍ മരണ കാരണം കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ അറിയിച്ചിരുന്നു. ഇതാണ് വധശിക്ഷയ്ക്കു പകരം ജീവപര്യന്തം തടവായി ശിക്ഷ ചുരുങ്ങാന്‍ കാരണം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button