മൂന്നു കായലുകൾ താണ്ടി പോകാം; കൊല്ലം‐ആലപ്പുഴ ബോട്ട് സർവീസ് ഇന്നുമുതൽ
കൊല്ലം > മൂന്നു കായലുകൾ താണ്ടി ആലപ്പുഴ പട്ടണം കാണാൻ പോയാലോ? എന്നാൽ ഒരുങ്ങിക്കോളൂ. ആലപ്പുഴയിൽനിന്ന് കൊല്ലത്തേക്കുള്ള ബോട്ട് സർവീസ് വ്യാഴാഴ്‌ച പുനരാരംഭിക്കും. വേമ്പനാട്, കായംകുളം, അഷ്ടമുടിക്കായലുകളും പമ്പാനദിയും പള്ളുരുത്തിയാറും പല്ലനയാറും ഒരുക്കുന്ന മനോഹാരിത ആസ്വദിച്ചുള്ള യാത്രയൊരുക്കുന്നത് ജലഗതാഗതവകുപ്പാണ്.
ആലപ്പുഴയിൽനിന്നു കൊല്ലത്തേക്കും തിരിച്ചും ഒന്നിടവിട്ട ദിവസങ്ങളിൽ ബോട്ടുണ്ടാകും. കുഷൻ സീറ്റുള്ള ഡബിൾഡക്കർ ബോട്ടാണ് വ്യാഴാഴ്‌ച മുതൽ സർവീസ് തുടങ്ങുന്നത്. പകൽ 10.30ന് ആലപ്പുഴയിൽനിന്നു പുറപ്പെടുന്ന ബോട്ട് വൈകിട്ട് 6.30ന് കൊല്ലം ജെട്ടിയിൽ എത്തും. അടുത്ത ദിവസം പകൽ 10.30ന് ആലപ്പുഴയ്‌ക്കു തിരിക്കും.
യാത്രയിൽ ഭക്ഷണത്തിനുള്ള സൗകര്യം തൃക്കുന്നപ്പുഴ കയർ വില്ലേജ് ജെട്ടിക്കു സമീപത്തെ ഹോട്ടലിലാണ് ഒരുക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വകുപ്പ് കരാർ ഉറപ്പിച്ചു. 400 രൂപയാണ് യാത്രക്കൂലി. തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ കയർ വില്ലേജ്, ആയിരംതെങ്ങ്, അമൃതപുരി, ചവറ ജെട്ടികളിലാണ് ബോട്ട് അടുക്കുന്നത്. കൊല്ലത്തുനിന്ന് ചവറയിലേക്ക് 70, അമൃതപുരി 140, ആയിരംതെങ്ങ് 200, തൃക്കുന്നപ്പുഴ 270, തോട്ടപ്പള്ളി 350 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. സംസ്ഥാനത്തെ ഏറ്റവും ദൈർഘ്യമേറിയ ജലയാത്ര (95 കിലോ മീറ്റർ) കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ മുഖ്യ ആകർഷണമാണ്.
20,000 രൂപയിൽ അധികമാണ് ആലപ്പുഴയ്‌ക്ക് സ്വകാര്യ ഹൗസ്‌ബോട്ടുകളിൽ ചാർജ് ഈടാക്കുന്നത്. സീസണുകളിൽ മാത്രം സർവീസ് നടത്തുന്ന ബോട്ടിൽ നിരവധി വിദേശ വിനോദസഞ്ചാരികളാണ് കൊല്ലത്ത് എത്തുന്നത്. കഴിഞ്ഞ സീസണിൽ 50 ലക്ഷമായിരുന്നു വരുമാനം.