മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനിൽ വിജിലൻസ് പരിശോധന
മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനിൽ വിജിലൻസ് പരിശോധന. ഒരുവർഷക്കാലം മരുന്നും ഉപകരണങ്ങളും വാങ്ങിയതുമായാണ് പരിശോധന നടത്തുന്നത്. കൊവിഡ് കാലത്തെ പർച്ചേസും കാരുണ്യ പദ്ധതിക്കായി മരുന്ന് വാങ്ങിയതുമാണ് ബ്ലീച്ചിംഗ് പൗഡർ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന കാര്യവും ആരോപണത്തിനൊപ്പം അന്വേഷിക്കുന്നുണ്ട്.
കൊവിഡ് കാല പർച്ചേസ് മുതൽ ഇതുവരെയുള്ള എല്ലാ ഗ്ലൗസ്, മരുന്ന്, ഉപകരണങ്ങൾ വാങ്ങിയതടക്കമാണ് വിജിലൻസ് പരിശോധിക്കുന്നത്. ടെൻഡറിൽ കിട്ടാത്ത അവശ്യമരുന്നുകൾ ഉൾപ്പടെ കാരുണ്യക്കായി വാങ്ങിയതും വിശദമായ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ടെൻഡർ നടപടിക്രമങ്ങൾ മറികടന്ന് കുറഞ്ഞ തുകയ്ക്ക് വാഗ്ദാനം നൽകിയ കമ്പനികളെ ഒഴിവാക്കിയതിന്റെ ഫയൽ വിജിലൻസിന് ലഭിച്ചിട്ടുണ്ട്.
രണ്ട് വർഷം മുമ്പ് അവശ്യമരുന്നിനത്തിൽ പെട്ടിരുന്ന ബ്ലീച്ചിംഗ് പൗഡർ പിന്നീട് ആ കാറ്റഗറിയിൽ നിന്ന് മാറ്റിയെങ്കിലും അത് വാങ്ങിയതിൽ ഒരു കോടി രൂപയുടെ ഇടപാട് നടന്നതായാണ് ആരോപണം. കിലോയ്ക്ക് 47.08 രൂപ ക്വോട്ട് ചെയ്ത പാർക്കിൻസ് എന്റർപ്രൈസസിനും 47.20 രൂപ ക്വോട്ട് ചെയ്ത യുപിയിലെ ബംഗേ ബിഹാറിക്കും 9,85,370 കിലോയ്ക്ക് ഓർഡർ നൽകി. എന്നാൽ, ആദ്യ ക്വട്ടേഷന്റെ 60 ശതമാനം മാത്രമാണ് പാർക്കിൻസിന് ലഭിച്ചത്. ബാക്കി 7,45,070 കിലോയുടെ ഓർഡർ ബംഗേ ബിഹാറിക്ക് നൽകുകയായിരുന്നു. മാത്രമല്ല, പാലക്കാട്ടെ കുന്നത്ത് കെമിക്കൽസ് 38 രൂപയ്ക്ക് ബ്ലീച്ചിംഗ് പൗഡർ നൽകാമെന്ന് പറഞ്ഞതും അധികൃതർ വകവച്ചില്ല.
കൂടാതെ കൊവിഡ് കാലത്തെ ഗ്ലൗസ്,പിപിഇ കിറ്റ് അടക്കം വാങ്ങിയതിലെ ഫയലും അന്വേഷണപരിധിയിലുണ്ടെന്നാണ് വിവരം. മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനിലെ വാഹന ദുരുപയോഗവും വിജിലൻസ് അന്വേഷിക്കുന്നുണ്ട്.