മേപ്പയൂർ ജി വി എച്ച് എസ് എസിൽ മൻറം ഹെറിറ്റേജ് എക്സ്പോ തുടങ്ങി
മേപ്പയൂർ ജി വി എച്ച് എസ് എസിൽ മൻറം ഹെറിറ്റേജ് എക്സ്പോ തുടങ്ങി. നാളയെ നീതിയുടെ പാതയിൽ സംവിധാനം ചെയ്യാനാണ് ചരിത്രമെന്ന് കാലടി സർവകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോ. എ സി അബ്ദുൾ നാസർ അഭിപ്രായപ്പെട്ടു. വിജയിച്ചവരുടെയും അധീശ്വത്വവും നേടിയവരുടെയും അടയാളങ്ങളാണ് ചരിത്രത്തിൽ ബാക്കിയാവുന്നത്. ചരിത്രത്തിന് ഇന്ധനമായിത്തീർന്ന ജനവിഭാഗം കൂടി കണ്ടെടുക്കുന്ന നൈതികത ചരിത്രപഠനത്തിന് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിൽ സംഘടിപ്പിച്ച മൻറം ഹെറിറ്റേജ് എക്സ്പോയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പി ടി എ പ്രസിഡൻറ് എം എം ബാബു അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ ഇ കെ ഗോപി, ഹയർ സെക്കൻററി പ്രിൻസിപ്പൽ എം സക്കീർ, ഗ്രാമപഞ്ചായത്തംഗം പി പ്രശാന്ത്, എം ടി ബാബു, പ്രിൻസിപ്പൽ ഹെഡ്മാസ്റ്റർ കെ നിഷിദ്, ഹെഡ്മാസ്റ്റർ വി കെ സന്തോഷ്, വി എച്ച് എസ് ഐ പ്രിൻസിപ്പൽ അർച്ചന, സ്റ്റാഫ് സെക്രട്ടറി ഇ പ്രകാശൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ദിനേശ് പാഞ്ചേരി എന്നിവർ സംസാരിച്ചു.